ഇവിടെയുണ്ട്, ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ
text_fieldsദുബൈ: ജീവിച്ചിരിക്കുന്നവരിൽ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കി അഫ്ഷിൻ ഇസ്മായിൽ ഗാദർസാദ്. വെറും 65.24 സെന്‍റീമീറ്റർ (2 അടി 1.68 ഇഞ്ച്) മാത്രമാണ് ഈ 20 വയസുകാരന്‍റെ ഉയരം. ഇറാൻ സ്വദേശിയായ അഫ്ഷിൻ റെക്കോഡ് സ്ഥാപിക്കാനാണ് ദുബൈയിലെത്തിയത്.
ഇവിടെ നടന്ന വാർത്തസമ്മേളനത്തിൽ ഗിന്നസ് വേൾഡ് റെക്കോഡ് എഡിറ്റർ ഇന്‍റ ചീഫ് ക്രെയ്ഗ് ഗ്ലൻഡേയാണ് പുതിയ റെക്കോഡുകാരനെ പ്രഖ്യാപിച്ചത്. പിതാവ് ഇസ്മായിലിനും മാതാവ് ഖാത്തൂനുമൊപ്പമാണ് അഫ്ഷിൻ ദുബൈയിൽ എത്തിയത്. 70.21 സെന്‍റീമീറ്റർ ഉയരമുള്ള കൊളംബിയക്കാരൻ എഡ്വേഡ് നിനോ ഹെർണാണ്ടസിന്‍റെ റെക്കോഡാണ് അഫ്ഷിൻ മറികടന്നത്.
രണ്ടോ മൂന്നോ വയസുള്ള കുട്ടിയുടെ വസ്ത്രങ്ങൾ അഫ്ഷിന് പാകമാണ്. ഖുർദിഷും പേർഷ്യൻ ഭാഷയും മാത്രമാണ് അവന് വഴങ്ങുന്നത്. പ്രസവത്തോടെ തന്നെ ഇവരുടെ രണ്ട് മക്കൾ മരിച്ചിരുന്നു. അഫ്ഷിൻ ജനിച്ചപ്പോൾ 700 ഗ്രാം മാത്രമായിരുന്നു ഭാരം. അതുകൊണ്ട് തന്നെ, നിരവധി ജനിതക വൈകല്യങ്ങൾ അവരുണ്ടായിരുന്നു. അഫ്ഷിനെ പോലെ തന്നെ ഉയരം കുറഞ്ഞവർ കുടുംബത്തിൽ വേറെയുമുണ്ട്. സാധാരണ തൊഴിലാളിയാണ് പിതാവ് ഇസ്മായിൽ.
അഫ്ഷിന്റെ ചികിത്സ ചെലവ് താങ്ങാനുള്ള സാമ്പത്തിക ശേഷി ഈ കുടുംബത്തിനില്ല. അഫ്ഷിന്റെ ദൈനം ദിന കാര്യങ്ങൾക്ക് മാതാപിതാക്കളിലൊരാളുടെ സഹായം എപ്പോഴും വേണ്ടി വരുന്നു. പുറത്തിറങ്ങുമ്പോഴും രണ്ടിൽ ഒരാൾ ഒപ്പമുണ്ടാവും. സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. അടുത്തിടെ സുഹൃത്ത് ഫോൺ സമ്മാനിച്ചെങ്കിലും ഉപയോഗിക്കാൻ ബുദ്ധിമുട്ടാണെന്ന് അഫ്ഷിൻ പറയുന്നു.
ഒരുപാട് സമയം ഫോൺ കൈയിൽ പിടിക്കാനോ നടക്കാനോ കഴിയില്ല. മാതാപിതാക്കളെ സഹായിക്കുക എന്നതാണ് അവന്‍റെ ഏറ്റവും വലിയ സ്വപ്നം. ഈ ലോകറെക്കോഡ് ഏതെങ്കിലും വിധത്തിൽ അതിന് സഹായകരമാകുമെന്ന പ്രതീക്ഷയിലാണ് അഫ്ഷിൻ.
ലോകകപ്പിലും അഫ്ഷിന് ഇഷ്ടതാരങ്ങളും ടീമുമുണ്ട്. ഇഷ്ട താരം മെസ്സിയും ക്രിസ്റ്റ്യാനോയുമാണെങ്കിലും ഈ ലോകകപ്പ് ജയിക്കാൻ സാധ്യത ഫ്രാൻസാണെന്ന് അവൻ പറയുന്നു. മുൻ ഇറാനിയൻ നായകൻ അലി ദായിയും അഫ്ഷിന്റെ ഇഷ്ടതാരമാണ്.
മുൻ റെക്കോഡുകൾ:
2010 ഏപ്രിലിലാണ് 70.21 സെന്‍റീമീറ്ററുള്ള എഡ്വേഡ് നിനോ ഹെർണാണ്ടസ് ലോകറെക്കോഡിട്ടത്. എന്നാൽ, ഒക്ടോബറിൽ നേപ്പാളിലെ ഖഗേന്ദ്ര ഥാപ്പ (67.08 സെന്‍റീമീറ്റർ) ഈ റെക്കോഡ് മറികടന്നു. 2011ൽ ഫിലിപ്പെൻസിന്‍റെ ജൂൺറി ബാലാവിങ് (59.93) പുതിയ റെക്കോഡിട്ടു. 2012ൽ നേപ്പാളിലെ ചന്ദ ബഹ്ദൂർ ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനായി.
54.6 സെന്‍റീമീറ്ററുള്ള ബഹദൂറായിരുന്നു ലോകത്ത് ജീവിച്ചിരുന്നവരിൽ ഏറ്റവും ചെറിയ മനുഷ്യൻ. എന്നാൽ, 2015ൽ അദ്ദേഹം മരണപ്പെട്ടു. ഇതിന് പിന്നാലെ താപ മഗറും ബാലാവിങും മരിച്ചതോടെ റെക്കോഡ് വീണ്ടും നിനോ ഹെർണാണ്ടസിലെത്തി. ഈ റെക്കോഡാണ് ഇപ്പോൾ അഫ്ഷിൻ തകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.