വെങ്കലത്തിൽ വിരിഞ്ഞു മടയിൽ ചാമുണ്ഡി; പുരസ്കാര നിറവിൽ ശിൽപി രാജേന്ദ്രൻ
text_fieldsപയ്യന്നൂർ: കുഞ്ഞിമംഗലത്തെ തെക്കെവീട്ടിൽ രാമചന്ദ്രന് 2020-21 വർഷത്തെ സംസ്ഥാന സർക്കാറിന്റെ കരകൗശല അവാര്‍ഡ് ലഭിച്ചപ്പോൾ അത് അർഹതക്കുള്ള അംഗീകാരമായി. രാജേന്ദ്രന് നിർമിച്ച മടയില്‍ ചാമുണ്ഡി തെയ്യത്തിന്റെ ശിൽപത്തിനാണ് അവാർഡ്.
2017-18 വർഷത്തെ ഫോക് ലോർ അക്കാദമിയുടെ യുവപ്രതിഭ പുരസ്കാരവു 2020 വർഷത്തെ ക്ഷേത്രകല അക്കാദമി അവാര്‍ഡും ഇതിന് മുമ്പ് രാജേന്ദ്രന് ലഭിച്ചിട്ടുണ്ട്. മൂന്നടി ഉയരവും 36 ഇഞ്ച് നീളവും 48 കിലോ തൂക്കവുമുള്ള വെങ്കലത്തില്‍ തീർത്ത മടയില്‍ ചാമുണ്ഡി തെയ്യത്തെ ഏറെ മനോഹരമായാണ് രാജേന്ദ്രൻ കൊത്തിയെടുത്തത്. ആറുമാസം സമയമെടുത്താണ് രാജേന്ദ്രന് ശിൽപ നിർമാണം പൂർത്തിയാക്കിയത്. 900 വർഷത്തെ പഴക്കവും പാരമ്പര്യവുമുള്ള കുഞ്ഞിമംഗലം വെങ്കലശിൽപ നിർമാണ രീതിയാണ് ഉപയോഗപ്പെടുത്തിയതെന്ന് രാജേന്ദ്രന് പറഞ്ഞു.
വാളും പരിചയുമേന്തി പ്രൗഢിയോടെ നിൽക്കുന്ന മടയില്‍ ചാമുണ്ഡി തെയ്യത്തിന്റെ ശിൽപത്തിന് അഞ്ച് ലക്ഷം രൂപ വരും. മടയില്‍ ചാമുണ്ഡിയുടെ രൂപത്തിന് പുറമെ പത്മദളങ്ങളോടുകൂടിയ വൃത്തപീഠവും അതിന് താഴെയായി അലങ്കാര പ്പണികളോടുകൂടിയ ചതുരപീഠവും നിർമിച്ചിട്ടുണ്ട്. ശിൽപനിർമിതിയുടെ പൂർണതയാണ് പുരസ്കാര തെരഞ്ഞെടുപ്പിന് പരിഗണിച്ചത്.
കുഞ്ഞിമംഗലത്തെ ഏതാണ്ട് എട്ട് തലമുറകളുടെ പാരമ്പര്യമുള്ള വെങ്കല ശിൽപ നിർമാണ മേഖലയിലെ പുതിയ തലമുറയുടെ പ്രതിനിധിയാണ് രാജേന്ദ്രന് തെക്കേവീട്ടിൽ. 25 വർഷമായി രാജേന്ദ്രന് ശിൽപ നിർമാണ രംഗത്തെ ശക്തമായ സാന്നിധ്യമാണ്.
അച്ഛനും ജ്യേഷ്ഠന്മാരായ നാല് സഹോദരന്മാരുമാണ് രാജേന്ദ്രന്റെ ഗുരുക്കന്മാർ. തുടക്കത്തില്‍ ഓട്ടുരുളികളും വിളക്കുകളുമാണ് കൂടുതലായി നിർമിച്ചിരുന്നത്. ക്രമേണ വിഗ്രഹ ശിൽപ നിർമാണത്തിലേക്ക് കെയ്യൊതുക്കം മാറി സഞ്ചരിക്കുകയായിരുന്നു. ഇതിനകം മൂന്നൂറിലേറെ ക്ഷേത്രങ്ങളിലേക്കുള്ള വിഗ്രഹങ്ങള്‍ (തിടമ്പ്) നിർമിച്ചിട്ടുണ്ട്. പതിനെട്ടോളം പ്രതിഷ്ഠ വിഗ്രഹങ്ങളും നിർമിച്ചിട്ടുണ്ട്. തനത് ശിൽപ നിർമാണരീതിയില്‍ ആധുനികതയും അതോടൊപ്പം പുരാതന നിർമിതികളുടെ കണിശമായ കണക്കുകളും സൂക്ഷ്മതയും ഉപയോഗിച്ചു അത്യപൂര്‍വമായി ചെയ്തുവരുന്ന രാമായണം വിളക്ക്, ദശാവതാരം വിളക്ക്, അഷ്ടലക്ഷ്മി വിളക്ക്, ആൽവിളക്ക് എന്നിവയെല്ലാം രാജേന്ദ്രന്റെ കരവിരുതിൽ വിളക്കി വിളയിച്ചിട്ടുണ്ട്.
കുഞ്ഞിമംഗലത്തുനിന്ന് നിർമിച്ചുവരുന്ന 350ഓളം വെങ്കല നിർമിതികളിലെല്ലാം രാജേന്ദ്രന്റെ കരസ്പർശമുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി വെങ്കല ശിൽപങ്ങൾ ഇതിനോടകം നിർമിച്ചിട്ടുണ്ട്. പരേതനായ തെക്കേവീട്ടിൽ ചന്തുവിന്റെയും പാർവതിയുടേയും മകനാണ്. ഭാര്യ: സൗമ്യ. മക്കള്‍: സൂര്യനന്ദ്, ശ്രീനന്ദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.