ശ്രദ്ധേയ കണ്ടുപിടിത്തവുമായി മലയാളി ശാസ്ത്രജ്ഞൻ
text_fieldsജുബൈൽ: പോളിമർ രാസഘടന മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധേയ കണ്ടുപിടിത്തവുമായി യുവമലയാളി ശാസ്ത്രജ്ഞൻ. വ്യവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാർബൺ ഡൈ ഓക്സൈഡ് വാതകം കൊണ്ടുപോകുന്ന എച്ച്.ഡി.പി.ഇ-പോളിമർ പൈപ്പുകളുടെ രാസഘടന മെച്ചപ്പെടുത്താൻ സഹായിക്കുന്ന നൂതനവിദ്യയാണ് മലപ്പുറം മമ്പാട് സ്വദേശി ഡോ. പി.കെ. ജൗഷീദ് വികസിപ്പിച്ചത്.
ജുബൈലിലെ വ്യവസായമേഖല ഒന്നിൽ പ്രവർത്തിക്കുന്ന ‘തൻസി’ പെട്രോകെമിക്കൽ കമ്പനിയിൽ മുതിർന്ന ശാസ്ത്രജ്ഞനാണ് അദ്ദേഹം. രണ്ടു വർഷത്തിലേറെ നീണ്ട ഡോ. ജൗഷീദിന്റെയും സംഘത്തിന്റെയും അശ്രാന്ത പരിശ്രമമാണ് ഈ വിജയത്തിന് പിന്നിൽ. നിലവിലുള്ള കാർബൺ ഡൈ ഓക്സൈഡ് വാതക ലൈനുകളിലെ ചോർച്ച എങ്ങനെ കുറക്കാം എന്ന പഠനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായാണ് പുതിയ കണ്ടുപിടിത്തം.
പോളിമർ മാട്രിക്സ് എൻജിനീയറിങ്ങിൽ സമ്മിശ്രണത്തിന് ഉപയോഗിക്കുന്ന ‘അഡിറ്റീവ്സി’ന്റെ സ്വഭാവ ഗുണങ്ങളിൽ വ്യതിയാനം വരുത്തി പെല്ലറ്റ് രൂപത്തിലുള്ള ക്രിസ്റ്റലുകളുടെ ഗുണനിലവാരം വർധിപ്പിക്കാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പുതിയ കണ്ടുപിടിത്തത്തിന് യു.എസ് പേറ്റന്റ് ആൻഡ് ട്രേഡ് മാർക്കിന് അപേക്ഷ നൽകിയിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയശേഷം ദക്ഷിണ കൊറിയയിലെ പ്രശസ്തമായ ഇഞ്ചിയോൺ സർവകലാശാലയിൽനിന്ന് ഓർഗാനിക്/പോളിമർ കെമിസ്ട്രിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ കെമിക്കൽ കമ്പനികളിൽ മാനേജീരിയൽ തസ്തികകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജുബൈലിലെ സാമൂഹിക- സാംസ്കാരിക രംഗത്ത് സജീവമായ ഡോ. ജൗഷീദ് നിലവിൽ ജുബൈൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാനാണ്. ഭാര്യ: ഫിദ നസീഫ. മക്കൾ: ഇഷാൻ റാസി, ഇഹ്സാൻ ലുത്ഫി, ഇൻഷ മെഹ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.