ലോക ഹിപ് ഹോപ് ഡാൻസ്; ഗൾഫിൽ നിന്നുള്ള ഏക ടീമായി ഒമാൻ, സംഘത്തിൽ മലയാളികളും
text_fieldsമസ്കത്ത്: വേൾഡ് ഹിപ് ഹോപ് ഡാൻസ് ചാമ്പ്യൻഷിപ്പിൽ ഇത്തവണ മലയാളി കുട്ടികളടക്കം ഒമ്പത് നർത്തകർ രാജ്യത്തെ പ്രതിനിധാനംചെയ്യും. ആഗസ്റ്റ് ആറു മുതൽ 13വരെ തെക്കുപടിഞ്ഞാറൻ യു.എസ് സംസ്ഥാനമായ അരിസോണയിലാണ് മത്സരം നടക്കുന്നത്. ഗൾഫിൽനിന്ന് പങ്കെടുക്കുന്ന ഏക ടീം ഒമാനാണ്. പ്രായഭേദ വ്യത്യാസമില്ലാതെ ആളുകൾ പങ്കെടുക്കുന്ന ഈ മത്സരപരിപാടിയിൽ ടീനേജ് കാറ്റഗറിയിലെ വാഴ്സിറ്റി ഡിവിഷനിലാണ് അഞ്ചു പെൺകുട്ടികളും നാല് ആൺകുട്ടികളുമടങ്ങുന്ന ഒമാൻ ടീം മത്സരിക്കാനൊരുങ്ങുന്നത്.
ഡാൻസിലൂടെ ലോകത്തെ മുഴുവൻ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 40ഓളം രാജ്യങ്ങളിൽനിന്നായി 4000ത്തിലധികം നർത്തകർ പങ്കെടുക്കുന്ന മെഗാ ഷോയാണിത്. ഒളിമ്പിക്സ് ഓഫ് ഡാൻസ് എന്നറിയപ്പെടുന്ന ഈ ഷോയിൽ ഒമാനുവേണ്ടി മത്സരിക്കുന്നത് റിഷബ് ഗുപ്ത, ശ്രീക ഷാജി, ദിവിത് കശ്യപ്, സ്നേഹ ബുദ്ധിയ, റെസ്വിൻ ജോർഡി, ലിയാൻഡോ റെയ്നർ, അനൈദ ഷോക്രെഖോഡ, വൈദേഹി രസ്തോഗി, റെനിസ വാൾഡർ, നിയ ബെയിൽവാദ് തുടങ്ങിയവരാണ്.
2002ൽ സ്ഥാപിതമായ ലോസ് ആഞ്ജലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിപ് ഹോപ് ഇന്റർനാഷനൽ (എച്ച്.എച്ച്.ഐ) ആണ് ഈ പരിപാടി വർഷംതോറും സംഘടിപ്പിക്കുന്നത്. ഏഴ് ദിവസത്തെ പരിപാടിയിൽ മുൻവർഷങ്ങളിലെ ഹിപ് ഹോപ് ഐക്കണുകളും കലാകാരന്മാരും സെലിബ്രിറ്റികളും പങ്കെടുക്കുകയും നൃത്തപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യും.
'ഹിപ് ഹോപ് മത്സരത്തിൽ ഞങ്ങൾ കൗമാര വിഭാഗത്തിലാണ് ഒമാനെ പ്രതിനിധാനംചെയ്യുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന ഗൾഫിൽനിന്നുള്ള ഏക ടീമായതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. രണ്ട് മിനിറ്റ് നീളുന്ന പ്രകടനം മികച്ചതാക്കുന്നതിനുള്ള കഠിന പരിശ്രമത്തിലാണ് ടീം അംഗങ്ങൾ. വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ഡാൻസ് ടീമുകളെയാണ് ഞങ്ങൾ നേരിടാൻ പോകുന്നത്' -അറബ് കൗമാരക്കാരുടെ ടീം ലീഡർ തേജസ് ഉദാനി ഗുപ്ത പറയുന്നു.
മത്സരത്തിൽ രണ്ട് പ്രിലിമിനറികൾ ഉണ്ടാകും. അതിനുശേഷമാണ് സെമിഫൈനലിലേക്കും ഫൈനലിലേക്കും ടീമിന് പ്രവേശിക്കാനാവുക. മാനേജർമാർ, പരിശീലകർ, ഡ്രസ് ഡിസൈനർമാർ എന്നിവരുൾപ്പെടെ 15 പേരടങ്ങുന്ന സംഘം തിങ്കളാഴ്ച യു.എസിലേക്ക് തിരിച്ചു. ഒരുമാസമായി ടീം ഡാൻസ് സ്റ്റുഡിയോയിൽ ഒരുമിച്ച് താമസിച്ച് ഭക്ഷണം പങ്കിട്ട് ദിവസവും പത്ത് മണിക്കൂറോളം തീവ്രപരിശീലനത്തിലായിരുന്നു.
ഒമ്പത് കുട്ടികളുടേയും രക്ഷിതാക്കൾ പരിശീലനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിനുവേണ്ട പൂർണ പിന്തുണ നൽകുന്നുണ്ടെന്ന് തേജസ് പറയുന്നു. 'ഞാൻ കഴിഞ്ഞ നാല് പതിറ്റാണ്ടായി ഒമാനിലുണ്ട്. ഈ രാജ്യം എനിക്ക് വളരെയധികം പ്രിയപ്പെട്ടതാണ്.
ഇവിടെ ഹിപ് ഹോപ് ജനപ്രിയമാകുന്നത് ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഹിപ് ഹോപ് മാപ്പിൽ ഒമാൻ ഇടംപിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നെനിക്ക് തോന്നിയിരുന്നു. അതിനുവേണ്ടി ഞാൻ പരമാവധി ശ്രമിക്കും' - തേജസ് കൂട്ടിച്ചേർത്തു. മത്സരത്തിലെ ഒമാൻ ടീമിന്റെ പ്രകടനം പ്രശാന്ത് ഷിൻഡെയാണ് കൊറിയോഗ്രഫി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.