മേല്വിലാസം തേടുന്നവര്
text_fieldsജീവിതത്തിെൻറ വരമ്പുകളിലൂടെ നടക്കുന്ന ചിലര് ഉന്മാദികള്.
ഓര്മകളുടെ ആഴങ്ങളിലേക്കും തിരിച്ചും വഴുതിവീഴുന്നവര്.
ബോധത്തെയും ചിന്തയെയും പിടികിട്ടാതെ അഴിച്ചിടുന്നവര്.
എല്ലാം തിരികെയെത്തുമ്പോഴും ആരുമില്ലാതായി പോകുന്നവര്.
മനസ്സ് ഇടറിയവരുടെ ഇന്നലെയും ഇന്നും നാളെയും
മഴയാണ്, തണൽമരങ്ങളിൽ ഒരു നിമിഷം തങ്ങിനിന്ന് ഇരട്ടിഭാരത്തോടെ മണ്ണിനെ തൊടുന്ന മഴ. മഴത്തണുപ്പിനെ ഏറ്റുവാങ്ങി മൂടിപ്പുതച്ചുറങ്ങുന്നപോലെ ആശുപത്രി മുറ്റവും പരിസരവും ശാന്തം. മഴ മണ്ണിെൻറ ഉൗഷരതയെ ശമിപ്പിച്ചപോലെ മനുഷ്യമനസ്സുകളെയും ശാന്തരാക്കിയിരിക്കാം. മനസ്സിെൻറ നിയന്ത്രണവും അതോടെ തന്നെത്തന്നെയും നഷ്ടപ്പെടുന്ന ചിലർ ജീവിക്കുന്ന ഇടത്താണ് നിൽക്കുന്നതെന്ന് അപ്പോൾ തോന്നിയില്ല. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന് പറയാൻ എത്രയെത്ര കഥകളാണ്!
കാലവും ബോധവും എങ്ങനെയൊെക്കയാണ് മനസ്സുകളെ മാറ്റിമറിക്കുന്നതെന്ന ചിന്തയിൽ മഴ മറന്നുനിൽക്കെ പൊടുന്നനെ ഒരു കൈകൊട്ടിവിളി. വെളുക്കെ ചിരിച്ച് ഒരു മുത്തശ്ശി ക്ഷണിക്കുകയാണ്.
എന്തേയെന്ന് ചോദിച്ച് അടുത്തെത്തിയതും ഒന്നുമില്ലെന്നു പറഞ്ഞ് അവർ ഗേറ്റിനു പിന്നിൽ മറഞ്ഞു. സുരക്ഷ ജീവനക്കാരൻ ഗേറ്റ് ചങ്ങലയിട്ട് പൂട്ടി. ഗേറ്റിനു പിന്നിൽ നീളൻ വരാന്തകളുള്ള കെട്ടിടം ആരംഭിക്കുന്നു. ഇവിടത്തെ അനേകം വാർഡുകളിൽ ഒന്ന്. അതിന് എതിർവശത്തായി കുറച്ച് മാറി വൈദ്യുതി ഷോക്ക് നൽകുന്ന മുറി മഴ നനഞ്ഞു കിടക്കുന്നു.
ആരായിരുന്നു അത്? അതിെൻറ ഉത്തരത്തിൽനിന്ന് തുടങ്ങാം. 20 വർഷത്തിലേറെയായി ആശുപത്രിയുടെ ഭാഗമാണിവർ. പോകാൻ ഇടമില്ലാത്ത രോഗമില്ലാത്ത ‘രോഗി’. നാടും വീടും ബന്ധുവിവരങ്ങളും ഇല്ലാതെ രജിസ്റ്ററിൽ ഒരു പേരുമാത്രമായി.
വീട്ടിൽ പോകണമെന്ന് ചിലപ്പോൾ തോന്നും. പക്ഷേ, എവിടെയാണത്! ഒാർമപോര. ഇവിടെ കൊണ്ടുവിട്ടവർ പിന്നെ വന്നില്ലാലോ. കോഴിക്കോട് എവിടെയോ -വെസ്റ്റ്ഹിൽ എന്ന് ഉറപ്പിച്ചുപറഞ്ഞ ദിവസം ആശുപത്രിയിൽനിന്ന് പുറപ്പെട്ടു. പറഞ്ഞ വഴികളിലെല്ലാം പോയെങ്കിലും ആരും തിരിച്ചറിഞ്ഞില്ല. തിരിച്ചും. ജാഫർഖാൻ കോളനിയിലാണെന്ന സംശയത്തിൽ അവിടെയും ഒരു പകൽ കറങ്ങി. അതും വെറുതെയായി. രോഗം മാറിയിട്ടും പിന്നെയും വർഷങ്ങൾ പിന്നിടുന്നു ഇപ്പോൾ. എന്നെങ്കിലും ചിലർ വരുമെന്നും കൂട്ടിക്കൊണ്ടുപോകുമെന്നുമുള്ള പ്രതീക്ഷയിൽ ഇവർ കാത്തിരിക്കുന്നു.
ആയുസ്സിെൻറ സായന്തനങ്ങൾ വെളിവായിത്തുടങ്ങിയ 80 പിന്നിട്ട ആ ശരീരത്തിന് അതിന് യോഗമുണ്ടാകുമോ? അറിയില്ല. വർഷങ്ങൾക്ക് മുെമ്പാരു വൈകുന്നേരം ഇവരെ ആശുപത്രിയിൽ കൊണ്ടുവന്നവർ ഇപ്പോഴും എവിടെയൊെക്കയോ ഉണ്ടാകും, ഇതെല്ലാം അറിഞ്ഞും കണ്ടും.
● ● ●
മുകളിലുള്ളത് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ മാത്രം അനുഭവമല്ല. തൃശൂരിെലയും തിരുവനന്തപുരത്തെയും മറ്റനേകം ഇടങ്ങളിലേതും കൂടിയാണ്. തടവറയിൽ അടക്കപ്പെട്ടപോലെ വർഷങ്ങളായി കുറെ പേർ. കടുത്ത കുറ്റവാളികൾക്കുപോലും ശിക്ഷാകാലയിളവും മോചനവുമുള്ളപ്പോൾ കുറ്റമൊന്നുമില്ലാതെ ഇവർ ‘ജീവപര്യന്തം’ തടവിലാണ്. രോഗമുണ്ടെങ്കിലും ഇല്ലെങ്കിലും. കൂട്ടിക്കൊണ്ടുപോകാനും കൂട്ടിരിക്കാനും ആരുമില്ലാതെ തനിച്ച്. മഴയിൽ, വെയിലിൽ, ഋതുഭേദങ്ങളിലൂടെ ഉന്മാദത്തിെൻറ ഏറ്റക്കുറച്ചിലുകൾക്കൊപ്പം ഒറ്റക്ക്.
മനസ്സിെൻറ താളംതെറ്റി ഒരിക്കലിവിടെയെത്തിയാൽ ഭൂരിപക്ഷത്തിനും പിന്നെയൊരു തിരിച്ചുപോക്കില്ല. കുതിരവട്ടത്തുള്ള 417 പേരിൽ 23 പേർ രോഗം ഭേദമായവരാണ്. ഇരുപതും മുപ്പതും വർഷമായി കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഉന്മാദികളുടെ നൊമ്പരങ്ങളെല്ലാം നമുക്ക് കഥയിലും സിനിമയിലും കണ്ടും വായിച്ചും കളയാനുള്ള നേരേമ്പാക്കുകൾ മാത്രം.
● ● ●
എട്ടാം വാർഡിൽ തെൻറ മുറിയുടെ ഒരു കോണിൽ പ്രതീക്ഷകൾ അസ്തമിച്ച് നിറങ്ങൾ നഷ്ടപ്പെട്ട മുഖഭാവങ്ങളോടെ ഒരമ്പതുകാരി. 10 വർഷത്തിലേറെയായി ഇവർ കാത്തിരിപ്പിലാണ്. എറണാകുളത്ത് മകനും മകളുമുണ്ട്. എമ്പാടും ബന്ധുക്കളും. ആരും വരുന്നതേയില്ല. ബന്ധുക്കളാൽ സമ്പന്നമായൊരു ഭൂതകാലം ഇവർക്കുണ്ടായിരുന്നു. ഭർത്താവിനും മക്കൾക്കുമൊപ്പം നാട്ടിലും ഗൾഫിലുമായി ആഹ്ലാദകരമായ കാലം. ഇടക്കെെപ്പാേഴാ മനസ്സൊന്നു താളംതെറ്റി. ഭർത്താവ് മരിച്ചു. മക്കൾ കുതിരവട്ടത്ത് വിട്ടു മടങ്ങി. അൽഫാം, ഷവർമ തുടങ്ങി അറബിപ്പേരുള്ള ഭക്ഷണങ്ങൾ ഏതോ ഭൂതകാല രുചിയോർമകളിൽ ഇവരിപ്പോഴും ആവശ്യപ്പെടുന്നു.
ചാർട്ട് പ്രകാരം ഭക്ഷണം വിളമ്പുന്ന ആശുപത്രിയിൽ അതൊക്കെ ആര് എത്തിക്കാനാണ്. വീട്ടിൽ പോകണമെന്ന് എപ്പോഴും പറയും. അപ്പോൾ മക്കളെ ഫോണിൽ വിളിക്കും. ആരും എടുക്കില്ല. കോടികൾ മൂല്യമുള്ള സ്വത്തിനുടമയാണിവർ. ഒരിക്കൽ ഇൗ ജീവൻ നിലക്കുേമ്പാൾ ആ അവകാശം ലഭിക്കാനായി മക്കളിലാരെങ്കിലും വരുമായിരിക്കും.
എട്ടാം വാർഡിൽ കുറച്ചുനാൾ മുമ്പുവരെ മറ്റൊരമ്മയുണ്ടായിരുന്നു. രണ്ടു മക്കളിലൊന്നിനെ തീവണ്ടിയാത്രക്കിടെ നഷ്ടപ്പെട്ടതിെൻറ ആധിയിൽ സമനില തെറ്റിയ യുവതി. തീവണ്ടിവേഗത്തിൽ ഒരു മകൾ മറഞ്ഞതിനൊപ്പം ആ മനസ്സിൽനിന്ന് ഒാർമയും വർത്തമാനവും കൂടിയാണ് മാഞ്ഞുപോയത്. ബാക്കിയായ മകൾ ബാലഭവനിലും ഇവർ ആശുപത്രിയിലുമായി കഴിഞ്ഞത് വർഷങ്ങൾ. മകളെ കാണാതെ, അങ്ങനെ ഒരാൾ ഉണ്ടെന്നറിയാതെ ഒരമ്മ. അമ്മയെ കാണാതെ അനാഥയെപ്പോലെ മറ്റൊരിടത്തൊരു മകൾ. ഇതൊന്നുമറിയാതെ ദൂരെ എവിടെയോ തനിച്ച് മറ്റൊരു പെൺകുട്ടിയും!
പിതാവിെൻറ അർധസഹോദരനൊപ്പമാണ് കാസർകോട്ടുനിന്നുള്ള യുവാവ് എത്തിയത്. കൂട്ടുനിൽക്കാൻ അയാളെ നിർത്തി അടുത്ത ബന്ധുക്കൾ മടങ്ങി. ഒരു മാസത്തിനകം യുവാവിന് വീട്ടിൽ പോകാമെന്നായി. ഡിസ്ചാർജ് നടപടികൾ പൂർത്തിയായി പുറത്തിറങ്ങാൻ നേരം കൂട്ടിരുന്നയാൾ അപ്രത്യക്ഷമായി. തിരികെ അയക്കേണ്ടെന്ന് വീട്ടുകാരും കട്ടായം പറഞ്ഞു. അതിന് അവർ പറഞ്ഞ കാരണം അറിയണം-കൂട്ടുകാർ രോഗവിവരം പറഞ്ഞ് കളിയാക്കും, അതിൽ വിഷമിച്ച് ഇയാൾ മദ്യത്തിൽ അഭയം തേടും. പിന്നെ ബഹളവും അക്രമവുമാകും. അതിനാൽ അവിടെത്തന്നെ നിൽക്കെട്ട.
● ● ●
ഒ.പിയിൽ പതിവ് പരിശോധനക്ക് ഉൗഴം കാത്തിരിക്കുകയാണ് ഒരുമ്മ. ആ ജീവിതം പറഞ്ഞത് നഴ്സാണ്. മകെൻറ ഒമ്പതാം വയസ്സിലാണ് മനസ്സിൽ കനം വന്നുതുടങ്ങിയത്. മനം ഇടറിത്തുടങ്ങിയതോടെ ഭർത്താവ് അകന്നു. മറ്റു മാർഗമൊന്നുമില്ലാതെ സഹോദരൻ ഇവരെ ആശുപത്രിയിലെത്തിച്ചു. ആ മനസ്സിനെ അത് കൂടുതൽ ‘അസ്വസഥമാക്കി’. പിന്നെ വർഷങ്ങൾ നീണ്ട ആശുപത്രിവാസം. ആദ്യമെല്ലാം കാണാനെത്തിയ സഹോദരൻ പിന്നെ വരാതായി. മറ്റനേകരെപ്പോലെ അവരിവിടെ തനിച്ചായി. പുറത്തുള്ളവർ പക്ഷേ, തനിച്ചായിരുന്നില്ല. ഭർത്താവ് വേറെ വിവാഹം കഴിച്ചു. മകൻ വളർന്ന് പട്ടാളക്കാരനായി. ഉമ്മ അതൊന്നുമറിഞ്ഞില്ല, ആരും അറിയിച്ചുമില്ല.
രോഗം സുഖപ്പെട്ട് വർഷങ്ങൾ പിന്നിട്ടു. ആശുപത്രിയിൽനിന്ന് മകെൻറ വീട്ടിലേക്ക് വിളിച്ചു. ഫോണെടുത്തത് മരുമകൾ. ഉമ്മയുമായി ഒരുബന്ധവുമില്ലെന്നും സഹോദരനാണ് നോക്കിയിരുന്നതെന്നും മറുപടി. മകനെ ഏൽപിക്കൂ എന്നുപറഞ്ഞ് സഹോദരനും ഒഴിഞ്ഞു. ‘നിങ്ങളെ ആർക്കും വേണ്ടെന്ന്’ പറയാനാകാതെ ഡോക്ടർമാർ കുഴങ്ങി. ഇതൊന്നുമറിയാതെ ഉമ്മ വീട്ടിൽ പോകണമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു.
ഒരുനാൾ ആശുപത്രി ജീവനക്കാർ അവരെയുംകൊണ്ട് വീട്ടിലേക്ക് തിരിച്ചു. മാറിയ കോഴിക്കോട്ടങ്ങാടിയും വീടെന്ന സ്വപ്നവും കണ്ട് വികസിച്ച അവരുടെ മുഖം അവിടെയെത്തിയതോടെ മങ്ങി. മരുമകളുടെ മുഖം വീർത്തു. ‘എന്തിനിങ്ങോട്ടു കൊണ്ടുവന്നു’ എന്ന് ഫോണിലൂടെ മകൻ ക്ഷോഭിച്ചു. നിർബന്ധത്തിന് വഴങ്ങി ഒടുവിൽ അവർ ‘ഉമ്മ’യെ സ്വീകരിച്ചു.
രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഇടക്കുള്ള പരിശോധനക്ക് മാത്രം ആശുപത്രിയിൽ എത്തിയാൽ മതി. പഴയ നഴ്സിനെ കണ്ടതും അവർ ഒാടിവന്ന് കെട്ടിപ്പിടിച്ചു. കുശലാന്വേഷണം നടത്തി. സുഖമെന്നറിയിച്ചു. ഒ.പിയിൽ ഉൗഴമെത്തിയതോടെ വാക്കുകൾ നിർത്തി മടങ്ങി. തിരക്കിട്ടു നടക്കുന്ന അവരുടെ വാക്കുകളിൽ ഒരു നിഴൽ വീണുകിടക്കുന്നപോലെ തോന്നി. അവർക്കവിടെ സന്തോഷമായിരിക്കുമോ!
● ● ●
ചിത്തഭ്രമം രോഗമാണെന്നും ശാസ്ത്രീയ ചികിത്സയുണ്ടെന്നും രോഗത്തെ പിടിച്ചുനിർത്താമെന്നും ഭൂരിപക്ഷവും ബോധവാന്മാരേയല്ല. മാനസികാശുപത്രി പരിസരത്ത് കാണുന്നവരെല്ലാം അവർക്ക് ഭ്രാന്തന്മാരാണ്. മനസ്സ് ഒരിക്കൽ താളംതെറ്റിയാൽ ജീവിതകാലം മുഴുവൻ ഭ്രാന്തന്മാരും. ആ കഥകൂടി പറയാം. കുതിരവട്ടം ആശുപത്രിയിലെ ഡീ അഡിക്ഷൻ സെൻറർ. കുടി നിർത്തണമെന്ന ഉൾവിളിയിൽ ഒരിക്കൽ ഒരാൾ അവിടെയെത്തി. ഉന്നത ജോലിയും സമൂഹത്തിൽ മാന്യതയുടെ പരിവേഷവുമുള്ളയാൾ. ഒന്നുരണ്ട് വരവോടെ അയാൾ മദ്യത്തോട് വിടചൊല്ലി. ജീവിതം കൂടുതൽ മനോഹരമായി.
അവസാനമായി എത്തിയത് ഒരാഘോഷ ദിനത്തിലായിരുന്നു. ഡോക്ടറെ കാണാൻ കാത്തിരിക്കവെ ഭാര്യയുടെ ഒാഫിസിലെ കുറച്ചുപേർ മാനസികാരോഗ്യ ആശുപത്രിയിലെ അന്തേവാസികൾക്കുള്ള ഭക്ഷണവുമായി അതുവഴി വന്നു. തെൻറ ദുശ്ശീലം മറച്ചുവെച്ചിരുന്ന അയാൾക്ക് ‘എന്തേ ഇവിടെയെന്ന’ അവരുടെ ചോദ്യത്തിന് ഉത്തരം നൽകാനായില്ല. വ്യക്തമല്ലാത്ത രീതിയിൽ അയാളെന്തൊെക്കയോ പറഞ്ഞു. പിന്നെയെല്ലാം ഉൗഹങ്ങളായിരുന്നു. കുതിരവട്ടത്ത് ഡോക്ടറെ കാണാൻ വരിനിൽക്കുന്നവർക്ക് രോഗം അതുതന്നെ. വാർത്ത പരക്കാൻ സമയമേറെ വേണ്ടിവന്നില്ല. അയാൾ പഴയ ഇരുണ്ട വഴിയിലേക്ക് തിരിച്ചുനടക്കാനും.
● ● ●
ഒാരോ വാർഡിനുമിടയിൽ, റീഹാബിലിറ്റേഷൻ ഹാളിൽ, ഒ.പി മുറിയിൽ പ്രതീക്ഷയോടെ തല ഉയർത്തുന്ന മുഖങ്ങൾ, ചിത്രങ്ങൾ... പറയാൻ ഇനിയും ജീവിതങ്ങളേറെയുണ്ട്. അതിനീ സ്ഥലം തികയാതെവരും. അറിയേണ്ടതൊന്നുണ്ട്. എല്ലാവരും കാത്തിരിപ്പിലാണ്. ചിലരെ തേടി ആളുകൾ വരും. മറ്റുള്ളവർ സ്വയമറിയാതെ മേൽവിലാസമില്ലാതെ മരിച്ചുപോകും. ഏതോ ആശുപത്രിയുടെ പഠനമേശയിലും ശ്മശാനത്തിലും അനാഥരായി കിടക്കും. ഇൗ ആശുപത്രിയിൽ തന്നെ ‘അജ്ഞാതരായ’ 75 പേരുണ്ട്. തിരിച്ചിറങ്ങുേമ്പാൾ ലോഹ അക്ഷരങ്ങളിൽ പതിച്ച ആശുപത്രിയുടെ പേരിലേക്ക് ഒന്നുകൂടി നോക്കി. ചുറ്റുമതിലിന് താഴിടുന്ന വലിയ ഗേറ്റിലേക്കും. എന്നെ, എന്നെക്കൂടി കൊണ്ടുപോകൂ എന്ന് അവക്ക് പിറകിലിരുന്ന് ആരൊെക്കയോ മൗനമായി നിലവിളിക്കുന്നുവോ! മഴ അടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.