കൈക്കുള്ളിലെ നിഴലാട്ടങ്ങൾ
text_fieldsചിമ്മിനിവെട്ടത്തില്‍ വിരലുകള്‍ ചേര്‍ത്ത് നിഴല്‍ ചുവരില്വീഴ്ത്തി പൂമ്പാറ്റകളെ സൃഷ്ടിച്ചൊരു കുട്ടിക്കാലമില്ലാത്തവരായി ആരുണ്ടാകും? പൂമ്പാറ്റകള്‍ പിന്നെ മുയലുകളായി. പിന്നീട്, നമ്മളാ സൃഷ്ടികളെ മറന്നു. കൈയും വിരലുകളും സൃഷ്ടിക്കുന്ന നിഴലാട്ടംകൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ഹാന്‍ഡ് ഷാേഡാ (Hand shadow) എന്ന വളര്‍ന്നു വികസിക്കുന്നൊരു കലാരൂപമാണതെന്ന് അധികമാരും അറിഞ്ഞിരുന്നില്ല. വിരലുകൾ ചേര്‍ത്ത് രൂപങ്ങള്‍ സൃഷ്ടിക്കുന്ന ഈ കലാരൂപത്തിന് നമ്മുടെ തലമുറയുടെ പഴക്കമല്ല ഉള്ളത്.
2000 വര്‍ഷംമുമ്പ് ചൈനക്കാരാണത്രെ ഈ വിദ്യ കണ്ടെത്തിയത്. സോഷ്യല്‍ മീഡിയ സജീവമായ ഇക്കാലത്ത് ആശയപ്രചാരണത്തിനായി ഹാന്‍ഡ് ഷാഡോ ഉപയോഗിക്കുന്നത് സാധാരണമാണ്. ചുരുക്കം ചില കലാകാരന്മാരെ കേരളത്തില്‍ ഇതിനുള്ളൂ. തൃശൂര്‍ സ്വദേശിയും ലോകബാങ്കിലെ േപ്രാജക്ട് ഇവാേല്വഷന് സ്പെഷലിസ്റ്റുമായ സതി അച്ചത്ത് നിരവധി വേദികളില്‍ ഹാന്‍ഡ് ഷാഡോ അവതരിപ്പിച്ചയാളാണ്. അമേരിക്കയില്‍ സംഘടിപ്പിക്കുന്ന ടാലൻറ് ഫെസ്റ്റിലെ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുമാണ്. ഹാന്ഡ്ഷാഡോയില് പരിശീലനം നേടാൻ താൽപര്യമുള്ളവര്ക്കായി അദ്ദേഹം ഒരു കൈപ്പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട് (fun with hand shadow).
അസ്തമിക്കുന്ന കല ഇന്ന് തിളക്കത്തില്‍
ഹാന്‍ഡ് ഷാഡോ എന്ന് ഗൂഗ്ളില്‍ തിരഞ്ഞാല്‍ അതില്‍ സതി അച്ചത്തിന്റെ പേരും കാണാം. ചൈനയിലും ഫ്രാന്‍സിലും ഇംഗ്ലണ്ടിലും യൂറോപ്പിലുമൊക്കെയായി വികസിച്ച കലാരൂപത്തില്‍ ഒരുമലയാളിയുടെ കരസ്പര്ശംകൂടിയുണ്ട്. സതി ഈ കലാരൂപം പരിശീലിച്ചത് അച്ഛനില്‍നിന്നാണ്. അന്ന് അസ്തമിക്കുമായിരുന്ന ഒരുകലാരൂപം അച്ഛന് സി.കെ. മേനോന് പരീക്ഷിച്ചതാകട്ടെ ജോലിക്കുശേഷമുള്ള വിശ്രമവേളകളിലും. ജോലിക്കുശേഷം ഒറ്റക്കിരിക്കുമ്പോള്‍ തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ മുറിയിലിരുന്നു പരീക്ഷിച്ചതാണ് നിഴല്‍ രൂപങ്ങള്‍. അന്ന് മക്കള്‍ക്കെല്ലാം ഇത് പഠിപ്പിച്ചെങ്കിലും സതിയാണ് അതില്‍ മാസ്റ്ററായത്. ജോലിക്കായി പോകുന്നിടത്തെല്ലാം സതി ഈ കലാരൂപം അവതരിപ്പിക്കും. പതിയെപ്പതിയെ ആളുകള്‍ ഹാന്‍ഡ് ഷാഡോ മാസ്റ്റര്‍ എന്നരീതിയില്‍ ഓര്‍ത്തുവെക്കാന്‍ തുടങ്ങി. ഇതോടെയാണ് നിഴല്‍രൂപങ്ങളില്‍ പുതുപുത്തന്‍ പരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങിയത്.
മൃഗങ്ങളും മനുഷ്യരും ഇരുകൈകളില്‍
ലോകനേതാക്കളും പ്രശസ്തരുമാണ് സതിയുടെ മാസ്റ്റര്‍ പീസ്. 150ഓളം അപൂര്‍വങ്ങളായ നിഴല്‍രൂപങ്ങള്‍ ഇതിനകം സതി രൂപപ്പെടുത്തി. ഡോണൾഡ് ട്രംപും നരേന്ദ്ര മോദിയുമെല്ലാം അതില്‍ അവസാനത്തെ കണ്ണികളാണ്. ഇതുകൂടാതെ മൃഗങ്ങളുടെ രൂപങ്ങള്‍ രൂപപ്പെടുത്താനും അവയെ ചലിപ്പിച്ച് ദൃശ്യവിരുന്നൊരുക്കാനും തയാര്‍. മൈക്കിള്‍ ജാക്സനും മദര്‍ തെരേസയും ഉള്‍പ്പെടുയുള്ള പ്രസിദ്ധരെ നിഴലുകള്വഴി രൂപപ്പെടുത്തുന്ന ലോകത്തിലെ അപൂര്‍വം ഹാന്‍ഡ് ഷാഡോ മാസ്റ്റര്‍മാരിലൊരാളാണ് സതി. അച്ഛനും താൽപര്യം ഇത്തരം വലിയ മനുഷ്യരെ സൃഷ്ടിക്കാനായിരുന്നു. ഹൈദരാബാദില്‍വെച്ച് അച്ഛനൊപ്പമാണ് ആദ്യ പരിപാടി അവതരിപ്പിച്ചത്. ആദ്യമായി ചെയ്ത പരിപാടിയില്‍ രാജഗോപാലാചാരിയും ഇന്ദിര ഗാന്ധിയുമൊക്കെ നിഴലുകളായി രൂപപ്പെട്ടപ്പോള്‍ സദസ്സ് കൈയടിച്ചു.
നിഴലിനെ വിശ്വസിക്കൂ അതിന് പരിമിതിയില്ല
‘സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാനാവില്ലെന്നത്’ പറഞ്ഞു പഴകിയൊരു നാട്ടുശൈലിയാണ്. എന്നാല്‍, പരിമിതിയില്ലാത്തതും ഏതു രൂപത്തിലേക്കും വഴങ്ങുന്നതുമാണ് നിഴലുകള്‍. നിഴല്കലാരൂപം ഒരിക്കല്‍ അസ്തമയത്തിന്റെ വക്കിലെത്തിയെങ്കിലും ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റത് ഇതിനാലാണ്. നിഴല്‍രൂപങ്ങള്‍ സൃഷ്ടിക്കുന്ന കല സത്യത്തില്‍ ആര്‍ക്കും പരിശീലിക്കാവുന്നതാണ്. ഒരു കാരിക്കേച്ചറിസ്റ്റിന്റെ കൗശലം ഉണ്ടെങ്കില്‍ ഇതില്‍ വിദഗ്ധരാകാം. സതി എഴുതിയ കൈപ്പുസ്തകം ശ്രദ്ധേയമായിട്ടുണ്ട്. ചില എളുപ്പവിദ്യകള്‍ അദ്ദേഹം ഈ പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്. ചൂണ്ടുവിരല്‍ മനുഷ്യന്റെ മൂക്കായി ഉപേയാഗിക്കാം. നടുവിരലും മോതിരവിരലും ചുണ്ടുകളായി രൂപപ്പെടുത്താം. തലമുടി രൂപപ്പെടുത്താന്‍ വലതു കൈ ഉപയോഗിക്കാം. ഇടതുകൈ മുഖത്തിനും വലതുകൈ തലയുടെ രൂപത്തിനുമാണ് ഉപയോഗിക്കുന്നത്. ഇത് സതി രൂപപ്പെടുത്തിയ ശൈലിയാണ്.
ഒരാളുടെ മുഖം മനസ്സില്‍ പതിഞ്ഞാല്‍ ഒരാഴ്ച മുതല്‍ രണ്ടാഴ്ച വരെയുള്ള ഇടവേളകള്‍ മതി നിഴലായി രൂപപ്പെടുത്താന്‍. ഒരിക്കല്‍ ഫിനിഷിങ് ലഭിച്ചാല്‍ പിെന്ന അതിനോട് കൈവഴങ്ങും. ഒരുപടികൂടി കടന്ന് ഒരുപേപ്പറും പേനയുമെടുത്ത് ഒന്നുവരച്ചു നോക്കിയാല്‍ ആരെയും കൈകളില്‍ സൃഷ്ടിക്കാമെന്ന് സതി ചൂണ്ടിക്കാട്ടുന്നു. 150ലേറെ അപൂര്‍വ നിഴല്‍രൂപങ്ങള്‍ രൂപപ്പെടുത്തിയത് ഇങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞു. കാരിക്കേച്ചര്‍ വരക്കുന്നവര്‍ ഒരാളെ കാണുമ്പോള്‍ ഒരുസ്ട്രൈക്കിങ് പോയൻറ് രൂപപ്പെടുത്തും. അതുതന്നെയാണ് ഈ നിഴല്‍ കലാരൂപത്തിനും വേണ്ടത്. നിഴല്രൂപങ്ങളോടൊപ്പം വെൻറിലോക്കിസം എന്ന പാവകളെക്കൊണ്ട് വര്‍ത്തമാനം പറയിപ്പിക്കുന്ന പരിപാടികൂടി സതി ഇതോടൊപ്പം വികസിപ്പിക്കുന്നുണ്ട്. ആറ് സ്ക്രിപ്റ്റുകള്‍ ഇതിനായി തയാറാക്കിയിട്ടുണ്ട്.
ആർട്ട് തെറപ്പി എന്ന രീതിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി യൂനിവേഴ്സിറ്റികള്‍ ഇന്ന് നിഴല്കലാരൂപത്തെ അവരുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഒരു സന്ദേശമോ രൂപമോ എളുപ്പം മനസ്സിലാകും എന്നതാണ് സവിശേഷത. തെറപ്യൂട്ടിക് മെഡിസിനല്‍ വാല്യു’ ഈ കലാരൂപത്തിനുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ റവന്യൂ സര്‍വിസിലും ഇപ്പോള്‍ ലോകബാങ്കിലും ജോലിനോക്കുന്ന സതി ആറ് പുസ്തകങ്ങളുടെ രചയിതാവും കാർട്ടൂണിസ്റ്റുമാണ്. വ്യക്തിത്വവികസന, നേതൃഗുണ പരിശീലന ക്ലാസുകളും നടത്തുന്നുണ്ട്. 64 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.