യതീമിന്റെ കുട്ടി സഞ്ചി അഥവാ കൂട്ടുകാരുടെ നോമ്പ്
text_fields‘‘നവൈതു സൗമ അദിൻ...’’ചൊല്ലി പ്രവേശിക്കുന്ന നോമ്പുകാലത്തിന്റെ കൊടിയേറ്റവും കൊടിയിറക്കവുമെല്ലാം ഇമചിമ്മി തുറക്കുന്ന വേഗത്തിലും ലാഘവത്തിലുമായിരിക്കും. നോമ്പുകാലം പലപ്പോഴും പലർക്കും ഒരു ഓർമക്കാലം കൂടിയാണ്. കുഞ്ഞുനാൾ മുതൽ മനസ്സ് താലോലിക്കുന്ന ചില നോമ്പുകാല സ്മരണകളുണ്ട്.
ചന്നം പിന്നം ചാറിയ മഴനൂലുകൾക്കിടയിലൂടെ അവർ നടന്നകലുന്നതു ഇപ്പോഴും എനിക്ക് കാണാം. പത്തു പന്ത്രണ്ടുപേരടങ്ങുന്ന ഒരു കുട്ടി സംഘം മെല്ലെ നടന്നുനീങ്ങുന്നു. അവരോടൊപ്പം ചേരാനാവാതെ ഗേറ്റു കാലിൽ തൂങ്ങി നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടി വന്നിരുന്ന അന്നത്തെ എന്റെ കുഞ്ഞുമനസ്സിന്റെ നിഷ്കളങ്ക നോവും എനിക്കോർമയുണ്ട്. റമദാന്റെ രാവിലും പകലിലും അതൊരു പതിവുകാഴ്ചയാണ്.
പ്രത്യേകിച്ചു ഇരുപത്തിയേഴാം രാവിനോട് അടുത്ത ദിവസങ്ങളിൽ. ചെറിയ ചെറിയ കുട്ടി സഞ്ചികളുമായി അവർ ആ ഗ്രാമം മുഴുവൻ നടന്നെത്തും. ഓരോ വീടുകൾക്കു മുന്നിലും അവർ ചെന്നുനിൽക്കും. കിലുങ്ങുന്ന നാണയത്തുട്ടുകൾകൊണ്ട് നിറയുന്ന നീളൻകിഴികൾ അവർക്കു വീണ്ടും വീണ്ടും ദൂരങ്ങൾ താണ്ടാനുള്ള ആവേശമാണ്. അവർ മടങ്ങിവരുന്നത് വഴിക്കണ്ണുമായി ഞങ്ങൾ കാത്തു നിൽക്കാറുണ്ടായിരുന്നു.
വെയിലേറ്റു വാടി വരുന്ന അവരുടെ ആ കിലുങ്ങുന്ന സഞ്ചികൾ കൗതുകത്തോടെ വാങ്ങി നോക്കും. സുലയും കുട്ടനും സെലിയും റഷീദും നൗഷാദുമൊക്കെ കുട്ടിക്കാലത്തെ ഞങ്ങളുടെ കരളിന്റെ കഷണങ്ങളായിരുന്നു. മദ്റസയിലും സ്കൂളിലും എന്തിനും ഏതിനും എവിടെയും ഒരുമിച്ചുപോവുന്ന ഞങ്ങൾക്കിടയിൽനിന്നും റമദാനിൽമാത്രം അവർ വേറിട്ടൊരു സഞ്ചാരരീതി സ്വീകരിക്കാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അവർക്കുള്ള ഏറ്റവും വലിയ മഹാഭാഗ്യമായിരുന്നു അവരുടെ ആ സഞ്ചാര സ്വാതന്ത്ര്യം.
വർഷത്തിലൊരിക്കൽ മാത്രം അവർ വാങ്ങുന്ന ആ പലവർണകുപ്പായങ്ങൾക്കും വളക്കോപ്പുകൾക്കുമൊക്കെയുള്ള ആ ഭംഗി വീട്ടിലെ അലമാരയിൽ ഉമ്മ ഞങ്ങൾക്കായി നേരത്തേ സൂക്ഷിച്ച വിലകൂടിയ ഫോറിൻ കുപ്പായങ്ങൾക്കുണ്ടെന്ന് എന്തുകൊണ്ടോ എനിക്ക് തോന്നിയിട്ടേയില്ല... അറക്കകത്തെ ചില്ലലമാരയിൽ അത്തറിന്റെ വൈവിധ്യമേറെയുണ്ടെങ്കിലും എണ്ണ മെഴുക്കിന്റെ മണം മാറാത്ത അവർക്കുള്ള എന്തെല്ലാമോ ഇല്ലാത്തവരായിരുന്നു ഞങ്ങൾ. കുട്ടിക്കാലത്ത് എന്താണ് ആ അയോഗ്യത എന്നോർത്ത് ഞാനേറെ അമ്പരന്നിട്ടുണ്ട്. എന്തുകൊണ്ടാണ് അവർക്കുമാത്രം ഇങ്ങനെ വീടുവീടാന്തരം പോവാൻ കഴിയുന്നത്? എല്ലാവരും അവർക്കു മാത്രം കാശു കൊടുക്കുന്നതെന്താണ്. എന്തുകൊണ്ടാണ് എല്ലാവരും അവരെ കാണുമ്പോൾ വാത്സല്യത്തോടെ ചിരിച്ചു കുശലം ചോദിക്കുന്നത്? എല്ലാത്തിലുമുപരി എന്തുകൊണ്ടാണ് ആ യാത്രയിൽ മാത്രം അവർ ഞങ്ങളെ ഒപ്പംചേർക്കാത്തത്.
ഒരിക്കൽ ആ വലിയ രഹസ്യം അവരിലാരോ എന്നോടു പറഞ്ഞു. ‘‘ഞങ്ങൾ യത്തീമുകളാണ്’’. പൊരുളറിയാത്ത പുതുമയുള്ള ആ വാക്ക് ഞാനാദ്യമായി കേൾക്കുകയായിരുന്നു. ഒരു ജന്മത്തിന്റെ മുഴുവൻ അനാഥത്വവും സങ്കടക്കടലുകളുടെ വ്യാപ്തിയുമുള്ള പേര്. അതിന്റെ നോവും നൊമ്പരവും തിരിച്ചറിയാനും എനിക്ക് വർഷങ്ങൾ വേണ്ടിവന്നു. കാരണം, അന്ന് വർഷാവസാനത്തിലോ വേനലവധിക്കോ നിറയെ മിഠായിപ്പൊതികളുമായി വിരുന്നു വന്നു മടങ്ങുന്ന, അറബിക്കടലിന്നപ്പുറത്തെ ദുൈബയിൽനിന്ന് കണ്ണഞ്ചും കൗതുകങ്ങൾ കൊണ്ടുവരുന്ന ഒരു മാജിക് മാന്റെ പേര്മാത്രമായിരുന്നു ഞങ്ങൾക്ക് ‘ഉപ്പ’.
യഥേഷ്ടം സംസാരിക്കാനോ സ്നേഹിക്കാനോ അടുത്തറിയാനോ അവസരങ്ങളില്ലാതെ, ഫോൺ വിളികളും വിഡിയോ ചാറ്റുകളുമൊന്നും ഇല്ലാത്ത ആ കാലത്തു ഉമ്മാടെ കത്തിൽ നിന്നും കേട്ടറിയുന്ന ‘ഉപ്പ’. കൊല്ലങ്ങൾ കഴിയുന്തോറും മങ്ങിയ ഓർമയായിട്ടുണ്ടാവും. രണ്ടോ മൂന്നോ വർഷം കഴിഞ്ഞു അവധിക്കെത്തുന്ന ഉപ്പ എന്ന വിസ്മയത്തെ അകലെ നിന്ന് നോക്കിക്കാണാനുള്ള ധൈര്യമേ അന്നുണ്ടായിരുന്നുള്ളൂ. ഉപ്പയെന്ന മഹാകാരുണ്യത്തെ അറിഞ്ഞതും സ്നേഹിച്ചതുമൊക്കെ വകതിരിവ് വന്ന ശേഷമായിരുന്നു.
അതല്ലെങ്കിൽ ‘‘ഞങ്ങൾക്കൊപ്പം നിങ്ങൾ പേർഷ്യക്കാരുടെ കുട്ടികളെ കണ്ടാൽ ആളുകൾ പൈസ തരൂല്ല,’’എന്ന അവരുടെ മറുപടിക്ക് ‘‘ഉപ്പായില്ലെങ്കിലെന്താ ഒരു കുഴപ്പം’’എന്ന് ഞാൻ തിരിച്ചു ചോദിക്കുമായിരുന്നില്ല !! ഫർള് (നിർബന്ധമാക്കപ്പെട്ട) നോമ്പിന്റെ സ്വീകാര്യതയെ അടിവരയിട്ടുറപ്പിക്കുന്ന നിർബന്ധിത സകാത്തിന്റെ മഹത്ത്വം എത്രയെന്നു പിന്നീടെപ്പോഴോക്കെയോ ഞാൻ മനസ്സിലാക്കിയെടുത്തത് ആ നിരാലംബരുടെ കണ്ണുകളിൽ അന്ന് കണ്ട അത്യാഹ്ലാദത്തിന്റെ തിമിർപ്പുകളെ ഓർത്താണ്. പലചരക്കു കടയിൽനിന്നും മുറിച്ചു വാങ്ങിക്കുന്ന ‘നിരാല’ബാർ സോപ്പിന്റെ കാര മണം മാറ്റി അന്നാണ് അവർ വാസന സോപ്പുകൾ വാങ്ങിക്കുന്നത്.
വൈകുന്നേരം പണിമാറ്റി വരുന്ന ഉമ്മാടെ കോന്തലയിൽ നിന്നും മുഷിഞ്ഞ ഉറുപ്പികകൾ കൊണ്ട് റേഷൻ പീടികയിലേക്കോടുന്ന വിശന്നു വലഞ്ഞ റഷീദ് പതിവിൽനിന്ന് വ്യത്യസ്തനായി 50 മില്ലി വെളിച്ചെണ്ണയും ഒരു പൊതി ഉപ്പും നാലഞ്ച് അച്ചു ശർക്കരയുമൊക്കെ ധാരാളിയായി വാങ്ങിക്കുന്നത് ആ നോമ്പ് കാലത്താണ്. ഇരുപത്തേഴാം രാവിന് ഉമ്മ അതുകൊണ്ടുണ്ടാകുന്ന ചക്കര ചോറിന്റെ മധുരവും രുചിയും പിന്നെയും ഏറെകാലം അവരോർത്തു പറയാറുണ്ടായിരുന്നു. കാറ്റൊന്നു കിതച്ചു പാഞ്ഞാൽ പൊളിഞ്ഞുവീണേക്കാവുന്ന വീട്ടിനകത്ത്, ഉണ്ണാനധികമില്ലാത്ത അത്താഴ രാവുകളിലും മക്കളെയെല്ലാം വിളിച്ചുണർത്തി വറ്റില്ലാക്കഞ്ഞിയോടൊപ്പം ആ ഉമ്മ മതിവരുവോളം സ്നേഹം വിളമ്പിയിരുന്നു.
പളപള മിന്നുന്ന കുപ്പായമിട്ട് പെരുന്നാൾ പള്ളിക്കു പോവുന്നതിലേറെ സന്തോഷമാണ് തിരിച്ചുവരുമ്പോഴേക്ക് ഉമ്മയുണ്ടാക്കുന്ന തേങ്ങാ ചോറു വയറ് നിറച്ചുണ്ണാമെന്ന ആ പ്രതീക്ഷക്ക്. അങ്ങനെ ദേഹത്തിന്റെയും ദേഹിയുടെയും വിശപ്പും ദാഹവും തീരുന്ന മാസമായിരുന്നു അവർക്കു റമദാൻ. റമദാൻ എനിക്ക് പ്രിയപ്പെട്ടതാവുന്നത്, നിങ്ങളിൽ വിവേചനമരുതെന്നും ഉള്ളവനും ഇല്ലാത്തവനും എനിക്ക് സമമാണെന്നും പ്രകൃതി നിങ്ങൾക്കേവർക്കും ഒരുപോലെ സമർപ്പിതമാണെന്നുമുള്ള വലിയൊരു സന്ദേശം റമദാനിലൂടെ ഇസ്ലാം ഉയർത്തിപ്പിടിക്കുന്നു എന്നോർക്കുമ്പോഴാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.