പതിവ് തെറ്റിച്ചില്ല, മഴവെള്ളവും ടാറും ചേർത്ത് കുഴി അടച്ചു
text_fieldsശബരിമലയിലേക്കുള്ള പ്രധാന പാതയാണ് മണ്ണാറക്കുളഞ്ഞി ചാലക്കയം റോഡ്. എന്നും തകർന്നുകിടക്കാനാണ് ഈ പാതയുടെ യോഗം. മണ്ണാറക്കുളഞ്ഞി മുതൽ ളാഹ വരെയുള്ള ഭാഗമാണ് വർഷങ്ങളായി കുണ്ടും കുഴിയും രൂപപ്പെട്ട് ഗ്രാമീണ റോഡുപോലെ തകർന്നുകിടക്കുന്നത്. റോഡിെൻറ നവീകരണത്തിന് വമ്പൻ പദ്ധതികൾ, വടശ്ശേരിക്കരയിൽ കല്ലാറിനുകുറുകെ പുത്തൻ പാലം തുടങ്ങിയ വാഗ്ദാനങ്ങൾ എല്ലാ ശബരിമല സീസണുമുമ്പും പ്രഖ്യാപിക്കും. നാളിതുവരെ നടപടി ഒന്നുമായിട്ടില്ല.
തീർഥാടനം തുടങ്ങുന്നതിെൻറ തൊട്ടുമുമ്പ് തിരക്കിട്ട് കുഴികളിലെ വെള്ളംപോലും കോരിക്കളയാതെ മെറ്റലിട്ട് മുകളിൽ ടാറിെൻറ ആവരണം ചാർത്തി കഷ്ടിച്ചു റോഡ് നന്നാക്കി എന്ന പ്രതീതി വരുത്തുന്നത് അധികൃതരുടെ വഴിപാടാണ്. ദേശീയപാത വിഭാഗം ഏറ്റെടുത്ത റോഡ് മണ്ഡലകാലത്തിന് മുമ്പ് നന്നാക്കുമെന്ന പ്രഖ്യാപനവും അതിനായി വകയിരുത്തിയ തുകയുടെ കണക്കുമൊക്കെ ഇത്തവണയും രണ്ടുമാസം മുമ്പ് പുറത്തുവന്നിരുന്നു.
കഴിഞ്ഞ കുറെ കാലങ്ങളായി ഭരണിക്കാവ് -മുണ്ടക്കയം ദേശീയപാതയുടെ ഭാഗമാകുന്നതിനാലാണ് റോഡ് നവീകരണം വൈകുന്നതെന്നായിരുന്നു ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയുമൊക്കെ നിലപാട്.
ഇതേ ഹൈവേ കോട്ടയം ജില്ലയിൽകൂടി കടന്നുപോകുന്ന ഭാഗങ്ങളെല്ലാം റീടാറിങ് നടത്തി ക്രാഷ് ബാരിയറുകളും ട്രാഫിക് സുരക്ഷ സംവിധാനങ്ങളും എല്ലാം സ്ഥാപിച്ചു മെച്ചപ്പെടുത്തി. മണ്ണാറക്കുളഞ്ഞി ചാലക്കയം ശബരിമല പാത 47 കോടി മുടക്കി വികസിക്കാൻ പോകുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഇത്തവണ മഴവെള്ളം ചാലിച്ച കുഴി അടച്ചിരിക്കുന്നത്. ഗതാഗത തടസ്സമുണ്ടാക്കി റോഡിന് ഇരുവശവും വളർന്നുനിൽക്കുന്ന കാടുകൾ പോലും നന്നായി വെട്ടിമാറ്റാൻ കഴിഞ്ഞിട്ടില്ല. ളാഹ പോലെ അപകട വളവുകൾ ഏറെയുള്ള സ്ഥലങ്ങളിലെ തകർന്ന ട്രാഫിക് ലൈറ്റുകളും റോഡ് ഡിവൈഡറുകളും പോലും നവീകരിക്കാനോ പുനഃസ്ഥാപിക്കാനോ നീക്കവുമില്ല. മിക്ക അപകട സിഗ്നൽ ബോർഡുകളും തകർന്ന അവസ്ഥയിലാണ്. അവ ഇതുവരെ പുതുക്കി സ്ഥാപിച്ചിട്ടില്ല.
വന്യജീവി സങ്കേതമായി പരമ്പരാഗത പാത
പരമ്പരാഗത കാനനപാതയുടെ അവസ്ഥ വളരെ ശോചനീയമാണ്. കാടുപിടിച്ച കാനനപാത, ഇപ്പോൾ സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്. അതിനാൽ വന്യജീവികളുടെ സങ്കേതമായി ഈ വഴി മാറിയിട്ടുണ്ട്. പരമ്പരാഗത പാതയിലെ ശെകയേറ്റം ഒഴിപ്പിക്കലും വർഷങ്ങളായി നടക്കുന്ന പ്രക്രിയയാണ്. ഹൈകോടതി ഇടപെട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. റോഡുകൾ വൃത്തിയാക്കാനോ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്താനോ ഇതുവരെ സർക്കാർ സംവിധാങ്ങൾ തയാറായിട്ടില്ല. പരമ്പരാഗത പാതയുടെ വനമേഖലയിലെ ഭാഗങ്ങളാണ് വന്യജീവികൾ കൈയടക്കിയ നിലയിലായത്. പരമ്പരാഗത പാതവഴി ക്ഷേത്രദർശനത്തിന് കാൽനടയായി പോകുന്ന ഭക്തർ നിരവധിയാണ്. കാടുതെളിച്ച് പാത സഞ്ചാരയോഗ്യമാക്കുന്നതിലും അധികൃതർ അനാസ്ഥ കാട്ടുന്നു. (തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.