നൃത്ത വേദികളിൽ നിറഞ്ഞ് വിദ്യശ്രീ
text_fieldsമനാമ: ഒന്നര പതിറ്റാണ്ടായി ബഹ്റൈനിലെ കലാരംഗത്ത് നിറസാന്നിധ്യമാണ് മലപ്പുറം എടപ്പാൾ സ്വദേശിനി വിദ്യശ്രീ. മികച്ച നർത്തകിയായ വിദ്യശ്രീ ‘ലക്ഷ്യ’ എന്ന സംരംഭവുമായി ബഹ്റൈനിലെ കലാകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് നിരവധി സംഗീത - നൃത്തശിൽപ്പങ്ങൾക്ക് ഇതിനകം നേതൃത്വം നൽകിയിട്ടുണ്ട്. 14 വർഷം മുമ്പാണ് ബഹ്റൈനിൽ എത്തിയത്. വളരെ ചെറുപ്പത്തിൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ വിദ്യശ്രീ ജില്ല സംസ്ഥാന സ്കൂൾ യുവജനോൽസവങ്ങളിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നിവയിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ ബിരുദധാരിയാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡിസോൺ, ഇന്റർസോൺ കലോൽസവങ്ങളിലും പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കലാമണ്ഡലം ബാലൻ മാസ്റ്റർ, പല്ലവി കൃഷ്ണ, രേഖ അജിത്ത് എന്നിവരുടെ കീഴിലാണ് നൃത്തം അഭ്യസിച്ചത്. പല്ലവി കൃഷ്ണയോടൊപ്പം പ്രശസ്തമായ കൊണാർക്, ഖജുരാഹോ, ചിദംബരം ക്ഷേത്രത്തിലെ നാട്യാഞ്ജലി ഫെസ്റ്റിവലുകളിൽ പങ്കെടുത്തിട്ടുണ്ട്.തിരുവനന്തപുരത്ത് സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ വർഷം തോറും നടന്നുവരുന്ന സൂര്യ ഫെസ്റ്റിവലിൽ കഴിഞ്ഞ മൂന്നു വർഷമായി വിദ്യശ്രീയും സംഘവും ഗ്രാൻഡ് ഫിനാലെയിൽ നൃത്തശിൽപം അവതരിപ്പിച്ചിട്ടുണ്ട്.ബഹ്റൈനിൽ നടത്തിയ ഇന്തോ-ബഹ്റൈൻ ഡാൻസ് മ്യൂസിക്കൽ ഫെസ്റ്റിൽ ബുദ്ധ ദി ഡിവൈൻ എന്ന നൃത്ത ശിൽപ്പവും അവതരിപ്പിച്ചിട്ടുണ്ട്.
ബുദ്ധ, മെലൂഹ, കമല, ഉഷാ പരിണയം, രാധേയം, താടക തുടങ്ങിയ നിരവധി നൃത്തശിൽപങ്ങൾ ബഹ്റൈൻ കേരളീയ സമാജം ഉൾപ്പെടെയുള്ള വിവിധ വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലെ പ്രധാന പെർഫോർമർ വിദ്യശ്രീയായിരുന്നു. നൃത്തശിൽപങ്ങളുടെ സംവിധാനവും സ്ക്രിപ്റ്റും കൊറിയോഗ്രഫിയും സ്വയം കൈകാര്യം ചെയ്യുന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനായിരുന്ന എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലിയായി വേദം എന്ന സംഗീത ആൽബവും ഗയ, മാധവം എന്നീ ഷോർട്ട് ഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്.
ബഹ്റൈനിൽ ഇപ്പോൾ 40ഓളം പേർ വിദ്യശ്രീയുടെ കീഴിൽ നൃത്തം അഭ്യസിക്കുന്നുണ്ട്. വിഖ്യാത പേർഷ്യൻ കവി ജലാലുദ്ധീൻ റൂമിയുടെ ജീവിതത്തെ ആസ്പദമാക്കി ഗുദാ ഹാഫിസ് എന്ന പേരിൽ 60 ഓളം കലാകാരികൾ അണിനിരക്കുന്ന സംഗീത ശിൽപ്പത്തിന്റെ അണിയറ പ്രവർത്തനങ്ങളിലാണ് വിദ്യശ്രീ ഇപ്പോൾ. ഈ മാസം 23 ന് ഇന്ത്യൻ സ്കൂളിൽ ഈ മെഗാ സംഗീത ശിൽപ്പം അരങ്ങേറും. പ്രശസ്ത സംഗീതജ്ഞൻ പാലക്കാട് ശ്രീറാമാണ് ഇതിന് സംഗീതം നൽകിയിരിക്കുന്നത്. എടപ്പാൾ കോലളമ്പ് അമ്പാട്ടുവളപ്പിൽ വാസുവിന്റെയും ബേബിശ്രീയുടേയും മകളാണ് വിദ്യ ശ്രീ. ഏക മകൻ വിജ്വൽ നിലമ്പൂർ ഫാത്തിമ ഗിരി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.