കുഞ്ഞാഞ്ചീരുവിന്റെ നാടക ഇതിഹാസം
text_fieldsദലിതരുടെ സാംസ്കാരിക കർതൃത്വത്തെ ആഘോഷിക്കുന്നതിലൂടെ പുതിയ രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാൻ കെൽപ്പുള്ള ഒരു കലാസൃഷ്ടിയായി മാറുകയാണ് ‘കാപ്പൊലി’ എന്ന നാടകം. കാവുത്സവത്തെ ജീവസ്സുറ്റതാക്കുന്ന ചെറുമക്കളിയും മാപ്പിളമാരുടെ ദഫ്മുട്ടുമെല്ലാം ഒത്തുചേരുന്ന സാംസ്കാരികാനുഭവം സവർണാധീശതയെ ചോദ്യം ചെയ്യുന്ന അടയാളംകൂടിയാകുന്നു. മുസ്ലിം മുദ്രകളെ പുറന്തള്ളുന്ന സമകാലിക ഇന്ത്യൻ വരേണ്യരാഷ്ട്രീയത്തെ ഹൃദ്യമായി പ്രതിരോധിക്കുന്ന ഈ കലാശിൽപം, തിരുവാലി വട്ടപ്പറമ്പിലെ ഒരു ക്ഷേത്രത്തിെൻറ പുനഃപ്രതിഷ്ഠ മഹോത്സവത്തോടനുബന്ധിച്ചായി എന്നത് നമ്മുടെ ജനകീയ കലാപാരമ്പര്യത്തെപ്പറ്റി വലിയ പ്രതീക്ഷ നൽകുന്നു. കളിയാട്ടക്കാവിൽ കുടിയിരിക്കാൻ മമ്പുറം സെയ്തലവിത്തങ്ങളുടെ ആശീർവാദം വാങ്ങുന്ന കുഞ്ഞിച്ചീരു നമ്മുടെ സാമൂഹികജീവിതവും മിത്തുകളും തമ്മിലെ ആഴത്തിലുള്ള ബന്ധം വെളിവാക്കുന്നു.
കാർഷിക ജീവിതവുമായി ബന്ധപ്പെട്ട ബിംബങ്ങളും കൊയ്ത്തും മെതിയുമെല്ലാം നാടകത്തിൽ കടന്നുവരുന്നുണ്ടെങ്കിലും അതൊരു ഫ്യൂഡൽ ഗൃഹാതുരതയായല്ല ചിത്രീകരിച്ചിരിക്കുന്നത്. കീഴാള സമൂഹങ്ങളുടെ കാഴ്ചയിലൂടെയാണ് കൃഷിയും അനുഷ്ഠാന കർമങ്ങളുമെല്ലാം ദൃശ്യപ്പെടുന്നത് എന്നത് ‘കാപ്പൊലി’യെ വ്യത്യസ്തമാക്കുന്നു.
വരേണ്യ കുടുംബത്തിൽ പിറന്നവളാണ് ശ്രീഭദ്ര. തെൻറ ബാല്യം മുതൽ, ജാതി^മത വ്യത്യാസങ്ങൾക്കതീതമായി മനുഷ്യരോട് ഇടപഴകിയിരുന്നതിനാൽ അവൾ വരേണ്യർക്ക് അനഭിമതയാവുന്നു. പുറത്താക്കപ്പെട്ട ശ്രീഭദ്ര കീഴാളരുടെ പ്രിയപ്പെട്ട കുഞ്ഞാഞ്ചീരുവായി മാറുകയാണ്. കീഴാളരെ അശുദ്ധരും തൊട്ടുകൂടാത്തവരുമായി കരുതുകയും വരേണ്യരുടെ സുഖസമൃദ്ധിക്കു വേണ്ടി അവരെ അടിമപ്പണിയെടുപ്പിക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയോടാണ് ചീരു കലഹിച്ചത്. അതോടെ ചീരു കുലംകുറഞ്ഞവളായി പ്രഖ്യാപിക്കപ്പെടുകയാണ്. ശ്രീഭദ്ര എന്ന സംസ്കൃതീകൃത സങ്കൽപത്തിൽനിന്ന് കുഞ്ഞിച്ചീരു എന്ന നാട്ടുമൊഴിയിലേക്കുള്ള മാറ്റംപോലും സാമൂഹിക ജനാധിപത്യത്തെക്കുറിച്ചുള്ള ഭാവനയായിക്കാണാം. ‘സത്യത്തിന് നിലനിൽക്കാനുള്ള ഇടമാണ് തേൻറടം’ എന്ന് പ്രഖ്യാപിച്ച കുഞ്ഞിച്ചീരുവിെൻറ നായികാസ്ഥാനം സവർണ പുരുഷമൂല്യത്തെ നിരാകരിക്കുന്ന കീഴാള സ്ത്രീപക്ഷത്തിെൻറ നിലപാടായി മനസ്സിലാക്കാം. മലയാള നാടക ഭാവനയെ അതിെൻറ അധീശ ചിഹ്നങ്ങളിൽനിന്ന് മോചിപ്പിക്കാൻ ദലിത്^മുസ്ലിം - പിന്നാക്ക -സ്ത്രീ സ്ഥാനങ്ങളിൽനിന്നുള്ള സൗന്ദര്യ ചിന്തകൾ പ്രധാനമാണ് എന്നുകൂടി ‘കാപ്പൊലി’യെ മുൻനിർത്തി നമുക്ക് വായിക്കാവുന്നതാണ്. ദേവിയായ കുഞ്ഞാഞ്ചീരുവായി വേഷമിട്ട ഷിജിത ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചു. രചനയും സംവിധാനവും നിർവഹിച്ച വിജയൻ തിരുവാലിയും നൂറ്റിയിരുപതോളം സംഘാംഗങ്ങളും വലിയ അഭിനന്ദനമർഹിക്കുന്നുണ്ട്.
തന്നെ ഈ കഥയിലേക്ക് നയിച്ചത് അയൽവാസികളായ അജീഷ്, നാഡിയേട്ടൻ, ദേേവ്യടത്തി എന്നിവരാണെന്ന് സംവിധായകൻ പറയുന്നു. സംഗീതം - രഞ്ജിനിയും ലൈറ്റിങ് പ്രദീഷ്കരിക്കാടും ഉണ്ണികൃഷ്ണൻ നെല്ലിക്കാടും നിർവഹിച്ചു. സുരേഷ് തിരുവാലി, മനു കള്ളിക്കാട് തുടങ്ങിയ അറിയപ്പെട്ടവരും തുടക്കക്കാരുമെല്ലാം പരിചയസമ്പന്നരെപ്പോലെതന്നെ അരങ്ങിലെത്തി എന്നത് എടുത്തുപറയേണ്ടതാണ്.
കളിയാട്ടക്കാവിനെക്കുറിച്ചുള്ള പലതരം പാട്ടുകളും വാമൊഴികളും പഠനം നടത്തിയാണ് വിജയൻ തിരുവാലി ഈ സംരംഭത്തിന് മുതിർന്നത്. നാടകം അതിെൻറ കാലികമായ, രാഷ്ട്രീയമായ ധർമം കീഴാള ആത്മീയതയുടെ വീണ്ടെടുപ്പിലൂടെ ജനപ്രിയമായി സാധ്യമാക്കുന്നു എന്നതാണ് ‘കാപ്പൊലി’യുടെ പ്രസക്തി.
പുതിയ തിരക്കുകളുടെയും വിഭജനങ്ങളുടെയും കാലത്ത്, എല്ലാ തുറകളിലുംപെട്ട വലിയൊരു ജനാവലി ഹൃദയം തുറന്ന് നാടകം കാണാനായി ഒരുമിച്ചിരുന്നു എന്നതാണ് ‘കാപ്പൊലി’ നിർവഹിച്ച സാംസ്കാരിക ധർമം.
തിങ്ങിനിറഞ്ഞ സദസ്യരെക്കൂടി നാടകത്തിെൻറ ഭാഗമാക്കി മാറ്റിയ സംവിധായകെൻറയും പിന്നണി പ്രവർത്തകരുടേയുംസംഘാടനപാടവംകൂടി എടുത്തുപറയേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.