നൂറുശതമാനം വിജയമുണ്ടോ, പ്രധാനാധ്യാപകർക്ക് വിദേശ ട്രിപ്പ്
text_fieldsബംഗളൂരു: ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി)യുടെ കീഴിലുള്ള സ്കൂളുകൾ നൂറുശതമാനം പ്രവർത്തന മികവ് നേടിയാൽ പ്രധാനാധ്യാപകർക്ക് വിദേശയാത്രക്ക് അവസരം. സ്കൂളുകളുടെ പ്രവർത്തന മികവ് ലക്ഷ്യമിട്ടാണ് ബി.ബി.എം.പി ഇത്തരമൊരു പദ്ധതി നടത്താനൊരുങ്ങുന്നത്.
പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആദ്യഘട്ടം നടത്തുക. പദ്ധതി നിർദേശം ഉന്നത വിദ്യാഭ്യാസ അധികൃതരുടെ അംഗീകാരത്തിനായി ഉടൻ സമർപ്പിക്കും. ഇത്തരത്തിൽ ബെള്ളാരിയിൽ സമാനപദ്ധതി നേരത്തേ നടത്തിയിരുന്നു. ഇതോടെ അവിടെ ഒരു വർഷത്തിന് ശേഷംതന്നെ 70 മുതൽ 80 സ്കൂളുകളിൽ നൂറുശതമാനം വിജയം കൈവരിക്കാനായതായി ബി.ബി.എം.പി സ്പെഷൽ കമീഷണർ (വിദ്യാഭ്യാസം) ഡോ. വി. രാമപ്രസാദ് മനോഹർ പറഞ്ഞു. ഇത്തരത്തിലുള്ള പദ്ധതി വഴി പ്രധാനാധ്യാപകർ കൂടുതൽ നന്നായി പ്രവർത്തിക്കും. പഠനനിലവാരം മെച്ചപ്പെടുത്താൻ കൂടുതൽ മെച്ചപ്പെട്ട പാഠ്യരീതി വികസിപ്പിക്കും. ഇത് അധ്യാപകരുടെ കഴിവും വർധിപ്പിക്കും.
പരിമിതമായ സൗകര്യങ്ങളും ഉപകരണങ്ങളും ലഭിച്ചിട്ടും നിലവിൽതന്നെ അധ്യാപകർ മികച്ച രീതിയിലാണ് തൊഴിലെടുക്കുന്നത്. പുതിയ പദ്ധതിയോടെ അത് കൂടുതൽ മെച്ചപ്പെടുത്താനാകും. കുട്ടികൾക്കും ഇത് ഏറെ ഉപകാരപ്രദമാകും.
പദ്ധതിക്കായി വിവിധ സ്വകാര്യ സ്ഥാപനങ്ങളെയും സമീപിക്കും. അത്തരം സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആർ) പ്രവർത്തനങ്ങളുടെ ഭാഗമായ ഫണ്ട് ഇതിനായി ലഭ്യമാക്കും. നൂറുശതമാനം ലക്ഷ്യം നേടുന്ന സ്കൂളുകളിലെ പ്രധാനാധ്യാപകർക്കാണ് വിദ്യാഭ്യാസ യാത്രയിൽ ഉൾപ്പെടുത്തി വിദേശ നാടുകൾ സന്ദർശിക്കാനുള്ള അവസരമൊരുക്കുകയെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.