റോഡിലെ കുഴി വീണ്ടും മരണക്കെണി; ബംഗളൂരു നഗരത്തിൽ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിലെ റോഡിന്റെ ശോച്യാവസ്ഥയിൽ മറ്റൊരു ജീവൻകൂടി പൊലിഞ്ഞു. റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ കാർ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് മലയാളി യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനും യെലഹങ്കയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായ ആലപ്പുഴ പുന്നപ്ര സൗത്ത് അലക്കുകുളം അജിഷാദിന്റെയും റാഷിദയുടെയും മകന് അര്‍ഷദാണ് (22) മരിച്ചത്. ശനിയാഴ്ച രാത്രി 10.30ഓടെ യെലഹങ്കക്ക് സമീപം ആത്തൂരിലാണ് അപകടം.
കാർ അമിതവേഗത്തിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കുഴിയിൽ പെടാതിരിക്കാൻ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിരെ വരുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ബൈക്കോടിച്ചിരുന്ന തിരുവല്ല സ്വദേശി രാഹുലിനെയും കാർ ഡ്രൈവറെയും ഗുരുതരമായ പരിക്കുകളോടെ യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളെ സന്ദര്‍ശിച്ചശേഷം തിരിച്ച് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. യെലഹങ്ക ഗവ. ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.
ബംഗളൂരു നഗരത്തിൽ റോഡിന്റെ ശോച്യാവസ്ഥ കാരണം ഉണ്ടായ മൂന്നാമത്തെ അപകടമരണമാണിത്. റോഡിന്റെ ശോച്യാവസ്ഥക്കെതിരെ കഴിഞ്ഞ ദിവസം കർണാടക ഹൈകോടതി ബംഗളൂരു കോർപറേഷനെ കുറ്റപ്പെടുത്തിയിരുന്നു. ഇതോടെ നവംബര്‍ 15നകം കുഴികള്‍ നികത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ബി.ബി.എം.പി ചീഫ് കമീഷണര്‍ തുഷാര്‍ ഗിരിനാഥ് നിര്‍ദേശം നല്‍കിയെങ്കിലും അറ്റകുറ്റപ്പണികള്‍ പലയിടങ്ങളിലും ആരംഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.