‘രാജ്യ പുരോഗതിക്ക് ജാതി-മതങ്ങൾക്കതീതമായ ചിന്ത അനിവാര്യം’
text_fieldsബംഗളൂരു: വ്യക്തിഗതമായും രാജ്യത്തിനാകമാനവും മുന്നോട്ടുള്ള കുതിപ്പ് സാധ്യമാകണമെങ്കിൽ ജാതി-മതങ്ങൾക്കതീതമായ ചിന്തയിലേക്ക് നമ്മൾ ഉയരേണ്ടതുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനും അമേരിക്കയിൽ സിലക്കണ് വാലിയില് എന്ജീനിയറുമായ വിനോദ് നാരായണന് (ബല്ലാത്ത പഹയൻ) അഭിപ്രായപ്പെട്ടു. ബംഗളൂരു സെക്കുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘ഭരണഘടന-മതേതര ഇന്ത്യയിലെ സാധാരണക്കാരന്റെ വീക്ഷണം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. മതവിശ്വാസങ്ങളെ മാനിക്കുകയും അതിനെ ചേർത്തുപിടിക്കുകയും അതേസമയം സർക്കാർ അതിനെ നിഷ്പക്ഷമായി നോക്കിക്കാണുകയും ചെയ്യുക എന്നതാണ് സെക്കുലറിസം. ഒരു സംഭവം ഉണ്ടാകുമ്പോൾ അതിനെ മതവിശ്വാസത്തിന്റെ പരിപ്രേക്ഷ്യത്തിൽ കാണാൻ ശ്രമിക്കുന്നതിന് പകരം തത്ത്വശാസ്ത്രം, ധാർമിക മതേതരത്വം, യുക്ത്യാധിഷ്ഠിത വീക്ഷണം, ശാസ്ത്രീയ നിഗമനം, മാനവികത എന്നീ ഘടകങ്ങൾ പരിഗണിച്ചായിരിക്കണം നമ്മുടെ ലോകവീക്ഷണം ഉണ്ടാകേണ്ടത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ സങ്കീർണതയുള്ള നമ്മുടെ രാജ്യത്ത് ഒറ്റമതം ഒറ്റ ജനത എന്ന ആശയത്തിലേക്ക് മാറാൻ സാധ്യമല്ല.
നിരന്തരമായ സംവാദത്തിലൂടെയും ആശയ വിനിമയങ്ങളിലൂടെയും മാത്രമേ മതേതരത്വത്തെ പൂർണരൂപത്തിൽ പ്രാവർത്തികമാക്കാൻ കഴിയൂ. രാജ്യത്തെ ഭരണഘടന നമ്മെ സംരക്ഷിക്കുമെന്ന ആത്മവിശ്വാസം ജനിപ്പിക്കുക അനിവാര്യമാണ്. ഓരോ പൗരനും ഭരണഘടനയെക്കുറിച്ച അവബോധമുണ്ടെങ്കിലേ അതിലെ മാറ്റത്തിരുത്തലുകളെ പ്രതിരോധിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
ചോദ്യോത്തര സെഷനിൽ സ്നേഹപ്രഭ, അബി ഫിലിപ്പ്, പ്രകാശ് ബാരെ, അജീബ് നൂറുദ്ദീൻ, അനീസ്, ഡെന്നിസ് പോൾ, ആർ.വി. ആചാരി എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സഞ്ജയ് അലക്സ് സ്വാഗതം പറഞ്ഞു. ഷാജു കുന്നോത്ത് അധ്യക്ഷത വഹിച്ചു. പ്രമോദ് വരപ്രത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.