കോൺഗ്രസ് വഴങ്ങി; കോലാറിൽ സ്ഥാനാർഥിയെ മാറ്റി
text_fieldsബംഗളൂരു: കോലാറിൽ മന്ത്രി കെ.എച്ച്. മുനിയപ്പയുടെ മരുമകന് സീറ്റ് നൽകാനുള്ള ഹൈകമാൻഡ് തീരുമാനം കർണാടകയിലെ ഒരു വിഭാഗം നേതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റി. കെ.എച്ച്. മുനിയപ്പയുടെ മരുമകൻ ചിക്ക പെദ്ദണ്ണക്ക് പകരം കെ.വി. ഗൗതമാണ് കോലാറിലെ കോൺഗ്രസ് സ്ഥാനാർഥി. മുനിയപ്പയുടെ മകൾ രൂപകല ശശിധർ നിലവിൽ കെ.ജി.എഫ് എം.എൽ.എയാണ്. അച്ഛൻ മന്ത്രിയും മകൾ എം.എൽ.എയുമായിരിക്കെ മരുമകന് ലോക്സഭ സീറ്റുകൂടി നൽകിയതാണ് നേതാക്കളുടെ പ്രതിഷേധത്തിനിടയാക്കിയത്.
കോലാർ സീറ്റിലെ തീരുമാനം പിൻവലിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന ഭീഷണിയുമായി മന്ത്രി ഡോ. എം.സി. സുധാകർ, എം.എൽ.എമാരായ കൊത്തൂർ മഞ്ജുനാഥ്, നഞ്ചെഗൗഡ എന്നിവരും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി നസീർ അഹമ്മദ്, അനിൽകുമാർ എന്നീ എം.എൽ.സിമാരും രാജിഭീഷണി മുഴക്കിയിരുന്നു.
കോലാർ അടക്കം ബാക്കിയുള്ള നാലുസീറ്റുകളിൽകൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചിക്കബല്ലാപൂരിൽ കർണാടക മുഖ്യമന്ത്രിയും കേന്ദ്ര നിയമ മന്ത്രിയുമായിരുന്ന അഡ്വ. എം. വീരപ്പ മൊയ്ലിക്ക് പകരം യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രക്ഷ രാമയ്യക്കാണ് സീറ്റ് നൽകിയത്. മറ്റൊരു എം.എൽ.എകൂടി കോൺഗ്രസ് ലോക്സഭ സ്ഥാനാർഥികളിൽ ഇടം നേടി. സന്ദൂർ മണ്ഡലം എം.എൽ.എ ഇ. തുകാറാം ബെള്ളാരിയിൽ മുൻ മന്ത്രി ബി.ജെ.പിയുടെ ബി. ശ്രീരാമുലുവുമായി ഏറ്റുമുട്ടും. അതേസമയം, മറ്റൊരു മന്ത്രിയുടെ മകനുകൂടി കർണാടകയിൽ കോൺഗ്രസ് സീറ്റ് നൽകി. സാമൂഹിക ക്ഷേമ മന്ത്രിയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുപ്പക്കാരനുമായ എച്ച്.സി. മഹാദേവപ്പയുടെ മകനായ സുനിൽ ബോസ് ആണ് ചാമരാജ നഗർ സ്ഥാനാർഥി. ഇതോടെ ആറു മന്ത്രിമാരുടെ മക്കളാണ് മത്സരരംഗത്തുള്ളത്. മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി (ചിക്കോടി), മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിന്റെ മകൻ മൃണാൾ രവീന്ദ്ര ഹെബ്ബാൾക്കർ (ബെളഗാവി), മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി (ബംഗളൂരു സൗത്ത്), മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകൾ സംയുക്ത എസ്. പാട്ടീൽ (ബാഗൽകോട്ട്), മന്ത്രി ഈശ്വർഖണ്ഡ്രെയുടെ മകൻ സാഗർ ഖണ്ഡ്രെ (ബിദർ) എന്നിവരാണ് സുനിൽ ബോസിന് പുറമെ മന്ത്രിമക്കളായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.