മുൻ മുഖ്യമന്ത്രി നിജലിംഗപ്പയുടെ വീട് സ്മാരകമാക്കുന്നു
text_fieldsബംഗളൂരു: കർണാടകയുടെ പ്രഥമ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എസ്. നിജലിംഗപ്പയുടെ ‘വിനയ് നിവാസ്’ വീട് വിലക്കുവാങ്ങി സ്മാരകമാക്കാൻ സിദ്ധരാമയ്യ സർക്കാറിന്റെ തീരുമാനം. ചിത്രദുർഗയിൽ 1939ൽ നിജലിംഗപ്പ നിർമിച്ച വീട് 4.18 കോടി രൂപക്കാണ് സർക്കാർ വാങ്ങുക. സ്വാതന്ത്ര്യ സമരസേനാനിയായി പൊതുപ്രവർത്തനം തുടങ്ങി രണ്ടുതവണ കർണാടക മുഖ്യമന്ത്രിയായും പിന്നീട് എ.ഐ.സി.സി അധ്യക്ഷനായും മാറിയ നിജലിംഗപ്പ, ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണയിച്ച നേതാവായിരുന്നു.
നിജലിംഗപ്പയുടെ വീട് സർക്കാർ വാങ്ങി സ്മാരകമാക്കണമെന്ന് ഏറെക്കാലമായി ആവശ്യമുയരുന്നതാണ്. സർക്കാർ ഇതിന് ഫണ്ടനുവദിക്കുകയും ചെയ്തിരുന്നു. പക്ഷേ, പദ്ധതി നീണ്ടുപോയി. വിൽപത്രവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നിയമപ്രശ്നമുന്നയിച്ചതായിരുന്നു കാരണം. ഇതേത്തുടർന്ന് നിജലിംഗപ്പയുടെ പേരമകൻ വിനയ് ശങ്കർ 10 കോടി രൂപക്ക് വീട് വിൽക്കാൻ വെച്ചതായി സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു.
ഇതിന് പിന്നാലെയാണ് സർക്കാർ നടപടികൾ വേഗത്തിലാക്കിയത്. 5000 ചതുരശ്ര അടി വിസ്തൃതിയുള്ള വീടും സ്ഥലവുമാണിത്. നിജലിംഗപ്പക്ക് ആറ് പെൺമക്കളും മൂന്ന് ആൺമക്കളുമാണുള്ളത്. ആൺമക്കളിൽ കിരൺ ശങ്കർ മാത്രമേ വിവാഹം കഴിച്ചുള്ളൂ. മകൻ വിനയിന്റെ പേരിലാണ് വിൽപത്ര പ്രകാരം വീട്. കിരൺ ശങ്കറാണ് വീട് നിലവിൽ സംരക്ഷിക്കുന്നത്. ഇദ്ദേഹം ബംഗളൂരുവിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.