കർണാടകയിൽ സംവരണ സമരം അക്രമാസക്തം; ലാത്തിച്ചാർജ്
text_fieldsബംഗളൂരു: കർണാടക നിയമസഭ ശൈത്യകാല സമ്മേളനം നടക്കുന്ന ബെളഗാവിയിൽ പത്മശാലി ലിംഗായത്തുകളുടെ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ചൊവ്വാഴ്ച പൊലീസ് ലാത്തിച്ചാർജ് നടത്തി. നിയമസഭ സമ്മേളനം നടക്കുന്ന സുവർണ വിധാന സൗധ ഉപരോധിക്കാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രതിഷേധക്കാർ തകർത്തു. സർക്കാർ ജോലിയിലും സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശനത്തിലും 15 ശതമാനം സംവരണം ലഭിക്കുന്ന 2എ വിഭാഗത്തിൽ പത്മശാലി സമുദായത്തെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പത്മശാലി ലിംഗായത്ത് മഠാധിപതി ബസവ ജയ മൃത്യുഞ്ജയ സ്വാമിയുടെ നേതൃത്വത്തിലാണ് സമരം. നിലവിൽ 3 ബി വിഭാഗത്തിൽ അഞ്ച് ശതമാനം സംവരണം ലഭിക്കുന്ന സമുദായമാണ്.
രോഷാകുലരായ സമരക്കാർ സർക്കാർ വാഹനങ്ങളും എം.എൽ.എമാരുടെ വാഹനങ്ങളും തകർത്തു. സ്ഥിതിഗതികൾ കൈവിട്ടതോടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ. ഹിതേന്ദ്ര ലാത്തിച്ചാർജിന് ഉത്തരവിട്ടു. പ്രതിഷേധക്കാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. 30 വർഷമായി തന്റെ സമുദായം ഉന്നയിക്കുന്ന 15 ശതമാനം സംവരണം എന്ന ആവശ്യം മുൻനിർത്തി സ്വാമി ആരംഭിച്ച സമരത്തിന്റെ തുടർച്ചയാണ് സുവർണ വിധാൻ സൗധ മാർച്ച്. മുസ്ലിംകള്ക്ക് ജോലികളിലും വിദ്യാഭ്യാസ മേഖലയിലുമുണ്ടായിരുന്ന നാലു ശതമാനം ഒ.ബി.സി സംവരണം നിർത്തലാക്കിയാണ് ലിംഗായത്തിനും വൊക്കാലികർക്കും വീതിച്ചു നൽകിയത്. മുസ്ലിംകളെ പിന്നാക്കാവസ്ഥ വരുമാനം അടിസ്ഥാനത്തിൽ കണക്കാക്കി നൽകുന്ന 10 ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ (ഇ.ഡബ്ല്യു.എസ്) ഉള്‍പ്പെടുത്തുകയും ചെയ്തു. കർണാടക ജനസംഖ്യയിൽ 16 ശതമാനം മുസ്ലിംകളാണെന്നാണ് കണക്ക്. 14 ശതമാനമാണ് ഹിന്ദു മതത്തിലെ ജാതി വിഭാഗമായ ലിംഗായത്തുകാർ. മറ്റൊരു ജാതിയായ വൊക്കാലികർ 11 ശതമാനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.