കുടക് -മൈസൂറുവിൽ ബി.ജെ.പി ടിക്കറ്റിൽ ‘മൈസൂർ മഹാരാജാവ്’ എഴുന്നള്ളുന്നു
text_fieldsമംഗളൂരു: കുടക് -മൈസൂറു മണ്ഡലത്തിൽ സർപ്രൈസ് സ്ഥാനാർഥിയെ എഴുന്നള്ളിച്ച് ബി.ജെ.പി.മൈസൂറു രാജ കുടുംബാംഗം യദുവീർ കൃഷ്ണദത്ത വഡിയാറാണ് പ്രതാപ് സിംഹയുടെ സിറ്റിംഗ് സീറ്റിൽ മത്സരിക്കുക. കർണാടക ബി.ജെ.പി നേതൃത്വത്തിനും അത്ഭുതമാണിത്. മൂന്ന് മുൻ മുഖ്യമന്ത്രിമാർ മത്സരിക്കും എന്ന് ബുധനാഴ്ച വൈകുന്നേരം മാധ്യമങ്ങളോട് പറഞ്ഞ നിയമസഭ പ്രതിപക്ഷ നേതാവ് ആർ.അശോകയോട് യദുവീറിന്റെ കാര്യം ആരാഞ്ഞപ്പോൾ അറിയില്ല എന്നായിരുന്നു മറുപടി. പിന്നാലെ ഡൽഹിയിൽ നിന്ന് പട്ടിക വന്നു. 1992 മാർച്ച് 24നാണ് യദുവീർ ജനിച്ചത്.
2015 ഡിസംബർ 10ന് മൈസൂറു കൊട്ടാരം തുടർന്നു പോരുന്ന അധികാര ആചാര രീതിയിൽ യദുവീറിനെ ‘മൈസൂർ മഹാരാജാവായി’ പ്രത്യേക ചടങ്ങിൽ വാഴിച്ചിരുന്നു.1999ൽ കോൺഗ്രസ് പയറ്റിയ തെരഞ്ഞെടുപ്പ് തന്ത്രമാണ് ഇപ്പോൾ ബി.ജെ.പി പുറത്തെടുത്തത്.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രതാപ് സിംഹയിലൂടെ ബി.ജെ.പി പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റെ ജനവിധിയെക്കുറിച്ച ആധിയിലായിരുന്നു നേതൃത്വം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ലോക്സഭ മണ്ഡലത്തിലെ എട്ട് നിയമസഭ മണ്ഡലങ്ങളിൽ അഞ്ചിടത്തും വിജയിച്ചത് കോൺഗ്രസ് സ്ഥാനാർഥികളാണ്.ഒരിടത്ത് ബി.ജെ.പിയുടേയും രണ്ടിടത്ത് പുതിയ സഖ്യ കക്ഷി ജെ.ഡി.എസിന്റേയും എംഎൽഎമാരാണ്.
മടിക്കേരി:ഡോ.മന്തർ ഗൗഡ,വീരാജ്പേട്ട:എ.എസ്.പൊന്നണ്ണ,പെരിയപട്ടണം:കെ.വെങ്കടേശ്, ചാമരാജ:കെ.ഹരീഷ് ഗൗഡ. നരസിംഹരാജ: തൻവീർ സേട്ട് എന്നിവരാണ് കോൺഗ്രസ് എംഎൽഎമാർ. ചാമുണ്ഡേശ്വരി:ജിടി ദേവഗൗഡ, ഹുനസൂരു:ജി.ഡി.ഹരീഷ് ഗൗഡ എന്നിവർ ജെഡിഎസിന്റേയും കൃഷ്ണരാജ:ടി.എസ്.ശ്രീവത്സ ബി.ജെ.പിയുടേയും എം.എൽ.എയാണ്.
1952ൽ നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ കിസാൻ മസ്ദൂർ പ്രജാപാർട്ടിയുടെ എം.എസ്.ഗുരുപാദസ്വാമിയെ തെരഞ്ഞെടുത്ത മണ്ഡലം തുടർന്ന് 1998 വരെ തുടർച്ചയായി കോൺഗ്രസ് സ്ഥാനാർഥികളെയാണ് തുണച്ചുപോന്നത്. 1998 ൽ ബി.ജെ.പിയുടെ സി.എച്ച്. വിജയശങ്കർ കോൺഗ്രസിലെ എസ്. ചിക്ക മധുവിനെ പരാജയപ്പെടുത്തി.1999ൽ രാജ കുടുംബാംഗമായ ശ്രീകണ്ഠ ദത്ത നരസിംഹരാജ വഡിയാർ കോൺഗ്രസ് കച്ച മുറുക്കി സിറ്റിംഗ് എം.പിയിൽ നിന്ന് മണ്ഡലം തിരിച്ചു പിടിച്ചു.2004 ൽ ജെ.ഡി.എസ് ടിക്കറ്റിൽ ജനവിധി തേടിയ പ്രഥമ എം.പി എ.എസ്. ഗുരുപാദ സ്വാമിയെ പരാജയപ്പെടുത്തി സി.എച്ച്.വിജയ ശങ്കർ വീണ്ടും താമര വിരിയിച്ചു.എന്നാൽ 2009ൽ കോൺഗ്രസ് കളത്തിലിറക്കിയ അഡഗുർ എച്ച്. വിശ്വനാഥിനോട് സിറ്റിംഗ് എം.പി ഒരിക്കൽ കൂടി പരാജയക്കൈപ്പറിഞ്ഞു.
2014ൽ ബി.ജെ.പി രംഗത്തിറക്കിയ പുതുമുഖം പ്രതാപ് സിംഹ കോൺഗ്രസിന്റെ അഡഗോറു എച്ച് .വിശ്വനാഥയെ 32,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി കന്നി വിജയം നേടി.കഴിഞ്ഞ തവണ സി.എച്ച്.വിജയശങ്കർ ഒരവസരം കൂടി ചോദിച്ചെങ്കിലും സിറ്റിംഗ് എം.പി. പ്രതാപ് സിംഹയെ തന്നെയാണ് നേതൃത്വം പരിഗണിച്ചത്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച വിജയ ശങ്കറിന്റെ പരാജയം ദയനീയമായിരുന്നു. 1.39 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രതാപ് സിംഹയുടെ വിജയം. പാർലമെന്റിൽ അക്രമം നടത്തിയവർ കടന്നത് സിംഹ നൽകിയ സന്ദർശക പാസ് ഉപയോഗിച്ചായിരുന്നു.സിംഹക്ക് മൂന്നാമൂഴം നഷ്ടമാവാൻ ഇത് കാരണമായെന്നാണ് നിരീക്ഷണം. 15-ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. വൊക്കാലിഗ,കുറുബ,ലിംഗായത്ത്, മുസ്‌ലിം,നായക്, ബ്രാഹ്മണർ, കുടക് ഗൗഡ,കൊഡവ വിഭാഗങ്ങൾ വിവിധ മേഖലകളിൽ നിർണായക സ്വാധീനമുള്ളവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.