മഹാദായി പദ്ധതി: കർണാടകയെ വിലക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
text_fieldsബംഗളൂരു: മഹാദായി നദിയിലെ വെള്ളം ഉപയോഗിച്ചുള്ള പദ്ധതി നടപ്പാക്കുന്നതിൽനിന്ന് കർണാടകയെ വിലക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഗോവ നൽകിയ ഹരജിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദ്രേശ് എന്നിവരുടെ ബെഞ്ച് തള്ളിയത്. എന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകും മുമ്പ് നിയമപ്രകാരമുള്ള എല്ലാ അനുമതികളും വാങ്ങിയിരിക്കണമെന്ന് കോടതി നിർദേശിച്ചു.
111 കിലോമീറ്റർ ദൈർഘ്യമുള്ള മഹാദായി നദി പശ്ചിമഘട്ടത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കർണാടകയിലെ ബെളഗാവി ജില്ലയിലെ ഭിംഘഡ് വന്യജീവി സങ്കേതമാണ് ഉത്ഭവസ്ഥാനം. ഈ നദിയിലെ വെള്ളമാണ് ഗോവയിലെ ജനജീവിതത്തിന്റെ അടിസ്ഥാനം. മഹാദായി പദ്ധതി സംബന്ധിച്ച കർണാടക സർക്കാറിന്റെ പരിഷ്കരിച്ച വിശദ പദ്ധതി റിപ്പോർട്ടിന് (ഡി.പി.ആർ) കേന്ദ്ര ജല കമീഷൻ നൽകിയ അനുമതിയെയും ഗോവ സർക്കാർ ചോദ്യംചെയ്തിരുന്നു.
പദ്ധതിയുമായി കർണാടക മുന്നോട്ടുപോയാൽ ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പശ്ചിമഘട്ടത്തിന് വൻ ദോഷമുണ്ടാക്കുമെന്നാണ് ഗോവയുടെ വാദം. പദ്ധതി മൂലം നദി വരളുമെന്നും ഇത് ഗോവയിലെ ജനജീവിതത്തെ സാരമായി ബാധിക്കുമെന്നും ഗോവ ഹരജിയിൽ പറയുന്നു.
പദ്ധതിയുടെ വിശദമായ റിപ്പോർട്ട് കഴിഞ്ഞ വർഷമാണ് കർണാടക സർക്കാർ സമർപ്പിച്ചത്. മഹാദായി നദിയിലെ ജലം കർണാടകയുടെ ജലവിതരണ കനാൽപദ്ധതിയായ ‘കാലസ ബന്ദൂരി നള’യിലൂടെ വഴിതിരിച്ചുവിടുന്നതാണ് പദ്ധതി. അടുത്തിടെയാണ് കേന്ദ്ര ജല കമീഷന്റെ അനുമതി ലഭിച്ചത്. ഇതിനെയും ഗോവ ചോദ്യം ചെയ്യുന്നുണ്ട്.
മഹാദായി ജലതർക്ക ട്രൈബ്യൂണലിന്റെ അനുമതി ചോദ്യംചെയ്ത് ഗോവ നൽകിയ ഹരജികൾ നിലനിൽക്കുന്നുണ്ട്. ഇതിൽ ഉടൻ സുപ്രീംകോടതി വാദംകേൾക്കുമെന്നാണ് പ്രതീക്ഷ. വരൾച്ച നേരിടുന്ന കർണാടകയിലെ ബളഗാവി, ഹുബ്ബള്ളി-ധാർവാർഡ് ജില്ലകളിലും സമീപപ്രദേശങ്ങളിലും കുടിവെള്ളം വിതരണം ലക്ഷ്യമിട്ടുള്ളതാണ് മഹാദായി പദ്ധതി. ഗോവയിലെ ജനങ്ങൾ എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന മഹാദായി നദി ഈ പദ്ധതി നടപ്പാക്കുന്നതോടെ വരൾച്ചയിലാകുമെന്നാണ് ഗോവയുടെ വാദം.
അതേസമയം, സുപ്രീംകോടതിയുടെ ഉത്തരവ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് സ്വാഗതം ചെയ്തു. നിലവിൽ കർണാടകക്ക് പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ല. അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കാൻ നിരവധി അനുമതികൾ ലഭിക്കാനുണ്ടെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.