മതേതര ബദൽ അനിവാര്യം -സെക്കുലർ ഫോറം
text_fieldsബംഗളൂരു: കോർപറേറ്റുകൾ നിയന്ത്രിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണത്തെ താഴെയിറക്കി മതേതര സർക്കാറിനെ അവരോധിക്കാനായി അവശേഷിക്കുന്ന ഒരേയൊരു അവസരമാണ് ഈ തെരഞ്ഞെടുപ്പെന്ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ പറഞ്ഞു. ബംഗളൂരു സെക്കുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാറിൽ ‘എന്തുകൊണ്ട് ബി.ജെ.പി തോൽക്കണം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിയോഡോർ ഹെർസിലിന്റെ സയണിസ്റ്റ് സിദ്ധാന്തത്തിന്റെ ചുവടുപിടിച്ച് സവർക്കറുടെ മസ്തിഷ്കത്തിൽ ഉദിച്ച ആശയമാണ് ആർ.എസ്.എസിന്റെ രൂപവത്കരണത്തിന് വഴിവെച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരമോ ജീവത്യാഗമോ ചെയ്തിട്ടില്ലാത്ത ഈ സംഘടനക്ക് ഒരു തരത്തിലും സാംസ്കാരിക ബഹുത്വങ്ങളെ ഉൾക്കൊണ്ട ഇന്ത്യൻ മനസ്സിന്റെ രാഷ്ട്രീയ പ്രതിനിധാനമാവാൻ കഴിയില്ല.
സാംസ്കാരിക പ്രവർത്തനത്തിന്റെ മറപിടിച്ച് കപട ദേശീയതയിലൂടെ വർഗീയ ധ്രുവീകരണം നടത്തി, കോർപറേറ്റ് കുത്തകകളുടെയും ബ്യൂറോക്രസിയുടേയും ഒത്താശയോടെ അധികാര ദുർവിനിയോഗം ചെയ്യുന്ന ഫാഷിസ്റ്റ് ഭരണം തടയേണ്ടത് മതേതരമായി ചിന്തിക്കുന്നവരുടെ അടിയന്തര കടമയാണെന്ന് അദ്ദേഹം വിശദമാക്കി. ‘വാഗ്ദത്തഭൂമി’ അഥവ ‘ഹോളി ലാൻഡ്’ എന്ന സാങ്കൽപിക സിദ്ധാന്തത്തിലൂടെ ഇസ്രയേൽ എന്ന് രാഷ്ട്രം രൂപവത്കരിച്ചതുപോലെ പിതൃഭൂമി എന്ന ആശയത്തിലൂടെ സെമിറ്റിക്ക് വംശജരായ മുസ്ലിംകളോടുള്ള വിദ്വേഷം നൂതന സാങ്കേതികമാർഗങ്ങളിലൂടെ ജനമനസ്സുകളിലേക്ക് കടത്തിവിടുകയാണ് സംഘ്പരിവാറുകാർ ചെയ്യുന്നത്.
മണിപ്പൂർ കലാപത്തിന്റെ പിന്നിലും കോർപറേറ്റ് താൽപര്യങ്ങളാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. അഡ്വ. പ്രമോദ് വരപ്രം, കെ.ആർ. കിഷോർ, ശാന്തകുമാർ എലപ്പുള്ളി, മജീദ് എന്നിവർ സംസാരിച്ചു. ഷാജു കുന്നോത്ത് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.