റോഡിൽ വീണ്ടും ചോരപ്പാട്: സമയപരിധി കഴിഞ്ഞിട്ടും കുഴികൾ നികത്തിയില്ല,റോഡിൽ വീണ് വീണ്ടും മരണം
text_fieldsബംഗളൂരു: റോഡിന്റെ തകർച്ച കാരണം നഗരത്തിൽ ഒരാൾ കൂടി മരിച്ചു. രാജാജി നഗറിൽ തിങ്കളാഴ്ച ബൈക്ക് അപകടത്തിലാണ് സംഭവം. 55കാരനായ മഹേഷാണ് മരിച്ചത്. ഇയാൾ ഓടിച്ച ബൈക്ക് റോഡിൽ തെന്നിവീഴുകയായിരുന്നു. പിന്നിൽ വന്ന ട്രാക്ടർ ഇയാളുടെ ദേഹത്ത് കയറിയാണ് മരിച്ചത്. റോഡ് ശരിയായി ടാർ ചെയ്തിരുന്നില്ല. ഇളകിക്കിടന്ന ചരലിൽ കയറിയ ബൈക്ക് തെന്നുകയായിരുന്നു. എന്നാൽ മരണത്തിന് തങ്ങൾ ഉത്തരവാദികളല്ലെന്ന് ബൃഹത് ബംഗളൂരു മഹാനഗരപാലികെ (ബി.ബി.എം.പി) ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് അവകാശപ്പെട്ടു. പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. റോഡ് നന്നാക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ദിനേന പത്തിലധികം റോഡ് അപകടങ്ങളാണ് റോഡിലെ കുണ്ടും കുഴിയും മൂലം ഉണ്ടാകുന്നത്. അധികൃതരുടെ വീഴ്ചയാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് സാമൂഹിക പ്രവർത്തകൻ മനോജ് വധ്വ പറഞ്ഞു.
അതേസമയം, നഗര റോഡുകളിലെ കുഴിയടപ്പിനുള്ള സമയപരിധി ഇന്നലെ കഴിഞ്ഞതോടെ പകുതിയിലേറെ കുഴികൾ ഇനിയും നികത്തിയിട്ടില്ല. ഈ മാസം 15നകം കുഴികൾ നികത്തുമെന്നാണ് ബി.ബി.എം.പി ചീഫ് കമീഷണർ നേരത്തേ ഉറപ്പ് നൽകിയിരുന്നത്. 32,011 കുഴികളിൽ 29,517 കുഴികൾ അടച്ചതായി ബി.ബി.എം.പി റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി യുദ്ധകാലാടിസ്ഥാനത്തിൽ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ റോഡുകളിലെ കുഴിയടപ്പ് നടത്തിയെങ്കിലും മറ്റിടങ്ങളിലെ കുഴികൾ അതേപടി കിടക്കുകയാണ്.
അതിനിടെ, താൽക്കാലിക ടാറിങ് നടത്തിയ പലയിടത്തും റോഡ് തകർന്ന് മെറ്റൽ റോഡിൽ ചിതറിക്കിടക്കുകയാണ്. കുഴിയടപ്പ് കാര്യക്ഷമമായി നടക്കാത്തതിനെ ഹൈകോടതി നിരവധി തവണ വിമർശിച്ചിരുന്നു. എന്നാൽ, മഴയെ പഴിചാരുകയാണ് ബി.ബി.എം.പി ചെയ്യുന്നത്. ഉദ്യോഗസ്ഥരുടെയും സാധനസാമഗ്രികളുടെയും അപര്യാപ്തതയും തടസ്സമാണ്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചെങ്കിലും അപകടക്കുഴികൾ ഇരുചക്രവാഹനയാത്രക്കാർക്ക് കൂടുതൽ ഭീഷണിയാണ്. അടുത്തിടെ മലയാളിയടക്കമുള്ള നിരവധി പേരാണ് കുഴികൾ മൂലമുണ്ടായ അപകടത്തിൽ മരിച്ചത്.
ബംഗളൂരുവിന് പുതിയ ട്രാഫിക് പൊലീസ് മേധാവി
ബംഗളൂരു: ട്രാഫിക് പൊലീസ് മേധാവിയായി മുതിർന്ന ഐ.പി.എസ് ഓഫിസർ എം. അബ്ദുല്ല സലീമിനെ നിയമിച്ചു. ഗതാഗതപ്രശ്നങ്ങൾ നഗരത്തിൽ അനുദിനം രൂക്ഷമാകുന്നതിനിടെയാണ് നിയമനം. നേരത്തേ പൊലീസ് അഡീഷനൽ ഡയറക്ടർ ജനറൽ (അഡ്മിനിസ്ട്രേഷൻ) ആയിരുന്നു ഇദ്ദേഹം. ബംഗളൂരു സൊളദേവനഹള്ളി സ്വദേശിയാണ് 56കാരനായ ഇദ്ദേഹം. നഗരത്തിന്റെ ഗതാഗതപ്രശ്നങ്ങൾ കൃത്യമായി അറിയാവുന്നയാളാണ്.
കോമേഴ്സിൽ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹത്തിന് ട്രാഫിക് മാനേജ്മെന്റ് വിഷയത്തിൽ ഡോക്ടറേറ്റുമുണ്ട്. 1993 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. സിറ്റി ട്രാഫിക് പൊലീസിൽ ഇതിനകം നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ബംഗളുരു തെക്കൻ മേഖല ട്രാഫിക്കിന്റെ ഡെപ്യൂട്ടി കമീഷണർ, അഡീഷനൽ കമീഷണർ (ട്രാഫിക്) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മൂന്ന് വർഷമായി സിറ്റി ട്രാഫിക് പൊലീസ് മേധാവിയായിരുന്ന ഡോ. ബി.ആർ. രവികാന്ത് ഗൗഡക്ക് പകരമായാണ് ഡോ. സലീം ചുമതലയേൽക്കുന്നത്. സി.ഐ.ഡി വിഭാഗം ഡി.ഐ.ജിയായാണ് ഡോ. ഗൗഡയുടെ പുതിയ നിയമനം. സംസ്ഥാനത്തെ മറ്റ് ഐ.പി.എസ് തസ്തികകളിലും മാറ്റങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.