ക്ഷീരകർഷകരുടെ ഇൻസെന്റീവ് കുറക്കാൻ നീക്കം, നടപ്പില്ലെന്ന് സിദ്ധരാമയ്യ
text_fieldsബംഗളൂരു: ഏകപക്ഷീയമായി സംസ്ഥാനത്തെ ക്ഷീരകർഷകർക്കുള്ള ഇൻസെന്റീവ് കുറക്കാൻ നീക്കം. ഇൻസെന്റീവ് കുറക്കാൻ ബാംഗ്ലൂർ മിൽക്ക് യൂനിയൻ ലിമിറ്റഡ് (ബി.എ.എം.യു.എൽ) നീക്കം നടത്തുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കർണാടക മിൽക്ക് ഫെഡറേഷന് (കെ.എം.എഫ്) മുന്നറിയിപ്പ് നൽകി.
ഇത്തരത്തിലുള്ള ഒരു തീരുമാനവും എടുക്കരുതെന്ന് ഫെഡറേഷൻ മാനേജിങ് ഡയറക്ടർക്ക് അദ്ദേഹം നിർദേശം നൽകി. കർഷകരുടെ ഇൻസെന്റീവ് അഞ്ച് രൂപയിൽനിന്ന് ആറു രൂപയായി വർധിപ്പിക്കുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയിരുന്നു. കഴിഞ്ഞ ദിവസം അഞ്ചിന വാഗ്ദാനങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രിസഭ യോഗം അറിയിച്ചിരുന്നു.
എന്നാൽ, ഒരു ഭാഗത്ത് സൗജന്യങ്ങൾ നൽകുമെന്ന് പ്രഖ്യാപിക്കുകയും മറുഭാഗത്ത് ക്ഷീരകർഷകർക്കുള്ള ആനുകൂല്യമടക്കം കുറക്കുകയാണെന്നും ബി.ജെ.പി അടക്കം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി.കർഷകരുടെ ഇൻസെന്റീവ് കുറക്കില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് കർഷകരുടെ സംഘടനകളുടെ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കുറുബുർ ശാന്തകുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.