ഓരോ ഇന്ത്യാക്കാരനും അവളോട് മാപ്പ് ചോദിക്കണം: ആസിഫക്ക് വേണ്ടി മഞ്ജു
text_fieldsതിരുവനന്തപുരം: കത്വയിലെ ആസിഫ എന്ന പെൺകുരുന്നിനോട് ഓരോ ഇന്ത്യാക്കാരനും മാപ്പ് ചോദിക്കണമെന്ന് സിനിമാതാരം മഞ്ജുവാര്യർ. കുങ്കുമപ്പൂ പോലെയുള്ള ആ പെൺകുട്ടിയുടെ ജീവന് പകരമാവില്ല ഒന്നും. ഓരോ സംഭവത്തിലും രോഷം ഉയരുമ്പോഴും ഇതെല്ലാം ആവർത്തിച്ചുകൊണ്ടെയിരിക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തക്കവണ്ണം നമ്മുടെ നിയമ വ്യവസ്ഥ ശക്തിപ്പെടുന്ന കാലത്തേ കത്തുവയിലേതുപോലുള്ള കൊടും ക്രൂരതകൾക്ക് അറുതിയാകൂ എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വാര്യർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കത്തുവ എന്ന നാടിന്റെ പേര് കേൾക്കുമ്പോൾ ഇപ്പോൾ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണം. കാശ്മീരിൽ നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ ആരും കേൾക്കാതെ പോയ വിതുമ്പലുകൾക്ക്. തകർന്നു പോയ അവളുടെ ശിരസിന് പകരമായി ഈ രാജ്യം തലകുനിച്ച് നിന്ന് അത് പകരമായി അറുത്തു നല്കുകയാണ് വേണ്ടത്. ഓരോ ഭാരതീയനും അവളോട് മാപ്പു ചോദിക്കേണ്ട നേരമാണിത്. ഒന്നും പകരമാകില്ല, കുങ്കുമപ്പൂ പോലെയുളള ആ കുരുന്നിന്റെ ജീവനും അഭിമാനത്തിനും.. ഓരോ തവണയും നമ്മുടെ പെൺകുഞ്ഞുങ്ങൾ വലിയൊരു കരച്ചിലായി അവസാനിക്കുമ്പോൾ നാം രോഷാകുലരാകും, പ്രതികരിക്കും. പക്ഷേ അവിടെ തീരുന്നു എല്ലാം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തക്കവണ്ണം നമ്മുടെ നിയമ വ്യവസ്ഥ ശക്തിപ്പെടുന്ന കാലത്തേ കത്തുവയിലേതുപോലുള്ള കൊടും ക്രൂരതകൾക്ക് അറുതിയാകൂ. അതുണ്ടാകാത്തിടത്തോളം, മാറാത്ത വ്യവസ്ഥയ്ക്ക് മുന്നിൽ നിന്നു കൊണ്ട് നമുക്ക് ഇനിയുമിനിയും ഓരോരുത്തരെയോർത്ത് കണ്ണീർ പൊഴിക്കാം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.