ക്യാപ്റ്റൻ രാജു അന്തരിച്ചു
text_fieldsകൊച്ചി: നടൻ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. കൊച്ചിയിലെ പാലാരിവട്ടത്തെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതം മൂലം ദീർഘകാലമായി ചികിത്സയിലായിരുന്നു.
പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ കെ.ജി ഡാനിയേൽ- അന്നമ്മ ദമ്പതികളുടെ മകനായാണ് ജനനം. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. പഴശ്ശി രാജ, ട്വൻറി-20, നസ്രാണി, തുറുപ്പു ഗുലാൻ, പട്ടാളം, C.I.D. മൂസ, ഒരു വടക്കൻ വീരഗാഥ, നാടോടിക്കാറ്റ് തുടങ്ങി 500 ലധികം സിനിമകളിൽ അഭിനയിച്ചു.
രണ്ട് സിനിമകൾ സംവിധാനം ചെയ്തു. ഒരു സ്നേഹ ഗാഥ, മിസ്റ്റർ പവനായി എന്നീ ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സ്വഭാവ നടനായിട്ടും വില്ലനായും തിളങ്ങി.
ജൂണിൽ കുടുംബസമേതം അബൂദബിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകുന്നതിനിടെ വിമാനത്തിൽ വെച്ച് ക്യാപ്റ്റൻ രാജുവിന് പക്ഷാഘാതമുണ്ടായിരുന്നു. തുടർന്ന് വിമാനം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി റൂവി കിംസ് ഒമാൻ ആശുപത്രിയിൽ ചികിത്സ നൽകുകയും പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പ്രമീളയാണ് ഭാര്യ. മകൻ രവി.
ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
നടൻ ക്യാപ്റ്റൻ രാജുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വില്ലൻ വേഷങ്ങൾക്ക് പുതുമാനം നൽകിയ കലാകാരനായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലായി 500 ലധികം സിനിമകളിൽ അഭിനയിച്ച ക്യാപ്റ്റൻ രാജു സ്വഭാവനടനായും തിളങ്ങിയിരുന്നു. അദ്ദേഹത്തിന്‍റെ നിര്യാണം ചലച്ചിത്ര ലോകത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.