പ്രളയക്കെടുതി: എം.പി ഫണ്ട് 10 കോടിയാക്കണം -ഇന്നസെൻറ്
text_fieldsതൃശൂർ: പ്രളയ നാശനഷ്ടങ്ങള്‍ പരിഹരിക്കാൻ ബന്ധപ്പെട്ട മേഖലകളിലെ എം.പിമാര്‍ക്കുള്ള പ്രാദേശിക വികസന ഫണ്ട് ഈ വര്‍ഷം 10 കോടിയായി ഉയർത്തണമെന്ന് ഇന്നസെൻറ് എം.പി. കേന്ദ്രാവിഷ്‌കൃത വികസനപദ്ധതികളുടെ നാശനഷ്ടം കണക്കാക്കി തത്തുല്യ തുക ബന്ധപ്പെട്ട പദ്ധതികളിലൂടെ അധികമായി അനുവദിക്കണം. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നിവേദനം നൽകി.
പ്രളയക്കെടുതി ഏറ്റവും നാശം വിതച്ച ലോക്സഭാ മണ്ഡലമാണ് ചാലക്കുടി. പ്രാഥമിക കണക്കുകള്‍ അനുസരിച്ച് 2,500ഓളം വീടുകള്‍ പൂര്‍ണമായും 13,000ഓളം വീടുകള്‍ ഭാഗികമായും നശിച്ചു. ചെറുകിട ഉൽപാദന മേഖലയെ കനത്ത തോതില്‍ ബാധിച്ചു. കച്ചവടം, കൃഷി, പരമ്പരാഗത വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകൾ നാശോന്മുഖമായി. ലോക്സഭാ മണ്ഡല പരിധിയിലെ ദേശീയ പാതയിലുണ്ടായ തകര്‍ച്ച പരിഹരിക്കാന്‍ 30 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം പണിത റോഡുകളില്‍ 67 എണ്ണം കേടായി. 97 കിലോമീറ്റർ റോഡുകളാണ് ഭാഗികമായി തകര്‍ന്നത്. ഇവ വീണ്ടും യാത്രായോഗ്യമാക്കാൻ 20 കോടി രൂപയെങ്കിലും വേണം.
പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉള്‍പ്പെടെ പണിത നിരവധി വീടുകൾ നശിച്ചു. എം.പി ഫണ്ട് ഉപയോഗിച്ച് ചാലക്കുടി താലൂക്കാശുപത്രിയില്‍ നിർമിച്ച ഡയാലിസിസ് യൂനിറ്റും മാമോഗ്രാം യൂനിറ്റും വെള്ളപ്പൊക്കത്തില്‍ നശിച്ചു. 1.30 കോടിയുടെ നഷ്ടം ഇങ്ങനെയുണ്ടായി. എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച റോഡുകള്‍, കാനകള്‍ തുടങ്ങിയവക്കും നാശം സംഭവിച്ചു. സര്‍ക്കാര്‍ ഓഫിസുകളും ആശുപത്രികളും ഉള്‍പ്പെടെ പൊതുസ്ഥാപനങ്ങള്‍ക്കും കാര്യമായ നഷ്്ടമുണ്ടെന്ന് എം.പി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.