പ്രളയ ബാധിതർക്ക് അഭയമായി മഞ്ജു വാര്യരുടെ വീട്
text_fieldsതൃശൂർ: പ്രളയം തകർത്തെറിഞ്ഞ സ്വന്തം നാട്ടുകാർക്ക് വീട്ടിൽ അഭയമേകി നടി മഞ്ജു വാര്യർ. തൃശൂർ ജില്ലയിലെ ആലപ്പാട്-പുള്ള് കോൾമേഖലയിൽ പ്രളയം കനത്ത നാശം വിതച്ചിടത്ത് തന്നെയായിരുന്നു മഞ്ജുവിെൻറ വീട്. നാടിനെ പ്രളയം വിഴുങ്ങിയപ്പോൾ ആലപ്പാട്-പുള്ള് മേഖല ഒറ്റപ്പെട്ട തുരുത്തായിരുന്നു.
പ്രളയത്തിെൻറ ആദ്യനാളുകളിൽ വെള്ളം കയറിയത് വടക്കേപുള്ളിലാണ്. പിന്നീട് കിഴക്കേപുള്ളിലുമെത്തി. കാമ്പിൽ ആൾത്തിരക്കായതോടെ ദുരന്തത്തിനിരയായവരെ പൂട്ടിക്കിടക്കുന്ന തങ്ങളുടെ വീട്ടിൽ താമസിപ്പിക്കാമെന്ന് നിർദേശിച്ചത് മഞ്ജുവാണ്. അങ്ങനെ സുബ്രഹ്മണ്യെൻറയും കൊച്ചുവേലായുധെൻറയും കുടുംബങ്ങൾക്ക് വെള്ളമിറങ്ങുംവരെ മഞ്ജുവിെൻറ വീട് അഭയമായി. മഞ്ജുവും അമ്മ ഗിരിജ വാര്യരും അവർക്കൊപ്പം നിന്നു.
പുള്ളിലെ 30 വീടുകൾ നിശ്ശേഷം തകർന്നതിനാൽ വെള്ളം ഇറങ്ങിയിട്ടും പല കുടുംബങ്ങൾക്കും തിരിച്ചുപോകാൻ ഇടമുണ്ടായിരുന്നില്ല. 29ന് തുറക്കേണ്ടതിനാൽ 27ന് തന്നെ സ്കൂളുകളിലെ ക്യാമ്പുകൾ പിരിച്ചുവിട്ടു. 30 വീട്ടുകാരെ 14 സ്ഥലങ്ങളിലായി താമസിപ്പിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഇതിന് തെൻറ വീടും ഉപയോഗപ്പെടുത്താമെന്ന് മഞ്ജു നിർദേശിച്ചു. വീട് നഷ്ടപ്പെട്ടവർക്ക് താൽക്കാലിക ഷെൽറ്റർ നിർമിച്ചു കൊടുക്കാൻ സാമ്പത്തിക സഹായം നൽകാമെന്നും മഞ്ജു വാര്യർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പുള്ള് സ്കൂളിലെ പി.ടി.എ പ്രസിഡൻറ് ജോബി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.