പതഞ്ജലിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ അഡ്വര്‍ടൈസിങ് കൗണ്‍സില്‍
text_fieldsന്യൂഡല്‍ഹി: യോഗ ഗുരു രാംദേവ് സ്വന്തം സ്ഥാപനമായ പതഞ്ജലി ആയുര്‍വേദിന്‍െറ ഉല്‍പന്നങ്ങളെ അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കുന്നതിനും പ്രതിയോഗികളുടെ ഉല്‍പന്നങ്ങളെ പരസ്യങ്ങളിലൂടെ താറടിക്കുന്നതിനുമെതിരെ വീണ്ടും മുന്നറിയിപ്പുമായി അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേഡ് കൗണ്‍സില്‍. പതഞ്ജലി ആയുര്‍വേദ് പുറത്തിറക്കുന്ന കടുകെണ്ണ, കാലിത്തീറ്റ, പഴച്ചാര്‍, ടൂത്ത്പേസ്റ്റ് എന്നിവയുടെ പരസ്യങ്ങളാണ് പ്രധാനമായും തെറ്റിദ്ധാരണ പരത്തുന്നതായി കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുന്നത്.
ഏപ്രിലില്‍ വിവിധ കമ്പനികളുടെ പരസ്യങ്ങള്‍ക്കെതിരെ 67 പരാതികള്‍ ലഭിച്ചതായും കൗണ്‍സില്‍ വ്യക്തമാക്കുന്നു. തങ്ങളുടെ എതിരാളികള്‍ കടുകെണ്ണയില്‍ മായം ചേര്‍ക്കുന്നുവെന്നും അതില്‍ ന്യൂറോടോക്സിന്‍, ഹെക്സേന്‍ എന്നിവ അടങ്ങിയിരിക്കുന്നുവെന്നുമാണ് സ്വന്തം കടുകെണ്ണയായ കച്ചി ഘനിയുടെ പരസ്യത്തില്‍ രാംദേവ് അവകാശപ്പെടുന്നത്. (ഹെക്സേന്‍: എണ്ണക്കുരു ആട്ടുമ്പോള്‍ എണ്ണ പൂര്‍ണമായും ഊറിവരാന്‍ ചേര്‍ക്കുന്ന രാസപദാര്‍ഥം, ന്യൂറോടോക്സിന്‍: നാഡികോശങ്ങളെ ബാധിക്കുന്ന വിഷപദാര്‍ഥം). ഈ രീതി പരസ്യങ്ങളില്‍ അനുവദനീയമല്ല.
ഇതുപോലെ പതഞ്ജലി ഫ്രൂട്ട്ജ്യൂസിന്‍െറ പരസ്യത്തില്‍ മറ്റ് സമാന ഉല്‍പന്നങ്ങളുടെ വില പരസ്യമാക്കുന്നതിനൊപ്പം അതിനേക്കാള്‍ വിലക്കുറവാണ് തങ്ങളുടെ പഴച്ചാറിനെന്ന് അവകാശപ്പെടുന്നു. മറ്റ് കമ്പനികളുടെ ഫ്രൂട്ട്ജ്യൂസില്‍ തങ്ങളുടേതിനേക്കാള്‍ വളരെ കുറച്ച് പഴസത്തേയുള്ളൂവെന്നും പരസ്യത്തിലൂടെ പറയുന്നു.
പതഞ്ജലിയുടെ കാലിത്തീറ്റയായ ‘ദുഗ്ധാമൃതി’ന്‍െറ പരസ്യവും തെറ്റിദ്ധാരണാജനകമാണെന്ന് കൗണ്‍സില്‍ പറഞ്ഞു. മറ്റു കമ്പനികള്‍ കാലിത്തീറ്റയില്‍ മൂന്ന്-നാല് ശതമാനം യൂറിയയും ഭക്ഷ്യയോഗ്യമല്ലാത്ത മറ്റു പലതും ചേര്‍ക്കുന്നതായുമാണ് പരസ്യത്തിലെ ആരോപണം.
ദന്ത് കാന്തി ടൂത്ത്പേസ്റ്റിന്‍െറ പരസ്യവും തെറ്റിദ്ധാരണ നിറഞ്ഞതാണ്. മോണപഴുപ്പ്, നീര്, മോണയില്‍നിന്ന് രക്തം വരല്‍, പല്ലിന്‍െറ മഞ്ഞനിറം തുടങ്ങിയവക്കെല്ലാം ഫലപ്രദമാണെന്നാണ് ടൂത്ത്പേസ്റ്റ് പരസ്യത്തിന്‍െറ അവകാശവാദം. നേരത്തെ ഇതേ സ്ഥാപനത്തിന്‍െറ ഹെയര്‍ ഓയില്‍, വാഷിങ് പൗഡര്‍ എന്നിവക്കെതിരെയും കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍, കൗണ്‍സിലിന്‍െറ കണ്ടത്തെലുകളെപ്പറ്റി കാര്യങ്ങള്‍ പഠിച്ചശേഷം നിയമനടപടികള്‍ ആലോചിക്കുമെന്നായിരുന്നു പതഞ്ജലി കമ്പനി വക്താവിന്‍െറ പ്രതികരണം.
നിസാന്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, ആമസോണ്‍, പെര്‍നോഡ് റിക്കാര്‍ഡ് ഇന്ത്യ, റെക്കിറ്റ് ബെന്‍ക്കിസര്‍, കോള്‍ഗേറ്റ് പാമോലിവ്, പ്രോക്ടര്‍ ആന്‍ഡ് ഗാമ്പിള്‍, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളും തെറ്റിദ്ധാരണാജനകമായ പരസ്യങ്ങള്‍ നല്‍കുന്നതായി കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.