ജഡ്ജി നിയമനം: കേന്ദ്രവും സുപ്രീംകോടതിയും തമ്മില്‍ തര്‍ക്കം രൂക്ഷം
text_fieldsന്യൂഡല്‍ഹി: സുപ്രീംകോടതികളിലും ഹൈകോടതികളിലും ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ‘നടപടിപത്ര’ത്തെച്ചൊല്ലി സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ജഡ്ജിമാരുടെ നിയമനത്തില്‍ മേല്‍ക്കൈ ലഭിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചതാണ് തര്‍ക്കം രൂക്ഷമാക്കിയത്. ന്യായാധിപനിയമനത്തിനായി ദേശീയ ന്യായാധിപ നിയമന കമീഷന്‍ സ്ഥാപിക്കുന്നതിന് പാര്‍ലമെന്‍റ് പാസാക്കിയ നിയമം സുപ്രീംകോടതി റദ്ദാക്കിയതു മുതലാണ് ഇരുകൂട്ടരും തമ്മിലുള്ള ഉടക്ക് തുടങ്ങിയത്. കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയായ അന്നത്തെ വിധിയില്‍ നിലവിലുള്ള കൊളീജിയം സംവിധാനത്തില്‍ ജഡ്ജിമാരുടെ നിയമനം കൂടുതല്‍ സുതാര്യവും ഉത്തരവാദിത്തബോധമുള്ളതുമാക്കുന്നതിന് കേന്ദ്രം ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച് ഒരു ‘നടപടിപത്രം’ ഉണ്ടാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പിന്നീട് സുപ്രീംകോടതി ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
യോഗ്യതാ മാനദണ്ഡങ്ങള്‍, നിയമനപ്രക്രിയയിലെ സുതാര്യത, നടപടിപ്രക്രിയക്കുള്ള സെക്രട്ടേറിയറ്റ് രൂപവത്കരണം, നിയമനത്തിന് പരിഗണിക്കപ്പെട്ടവര്‍ക്കെതിരായ പരാതികള്‍ പരിഗണിക്കാനുള്ള സംവിധാനം, മറ്റുപല തരത്തിലുള്ള വിഷയങ്ങള്‍ എന്നിങ്ങനെ പ്രധാനപ്പെട്ട അഞ്ച് വശങ്ങള്‍ ഈ വിഷയത്തില്‍ പരിഗണിക്കണമെന്നാണ് ജസ്റ്റിസ് ജെ.എസ്. കേഹാറിന്‍െറ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് വിധിച്ചത്.
എന്നാല്‍, ഇതിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പലതും കൊളീജിയം അംഗീകരിച്ചില്ല. സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെടാനുള്ള മുഖ്യമാനദണ്ഡം ഹൈകോടതി ചീഫ് ജസ്റ്റിസ് അല്ളെങ്കില്‍ ഹൈകോടതി ജഡ്ജി എന്ന നിലയിലുള്ള സിനിയോറിറ്റി ആയിരിക്കണമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ഈ നിലപാടിന് ഭേദഗതി നിര്‍ദേശിച്ച സുപ്രീംകോടതി സീനിയോറിറ്റി മാത്രം പോരെന്നും അതോടൊപ്പം ആ ജഡ്ജിയുടെ യോഗ്യതയും വിശ്വാസ്യതയുംകൂടി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
ഹൈകോടതിയിലെ മുതിര്‍ന്ന ജഡ്ജിയെയോ ചീഫ് ജസ്റ്റിസിനെയോ മറികടന്ന് ഒരാളെ സുപ്രീംകോടതി ജഡ്ജിയാക്കുമ്പോള്‍ കൊളീജിയത്തിലെ അഞ്ച് ജഡ്ജിമാരും വിഷയത്തില്‍ തങ്ങളുടെ നിലപാട് രേഖാമൂലം എഴുതണമെന്നാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച മറ്റൊരു നിര്‍ദേശം. സുതാര്യതയും ആശ്രിത വാത്സല്യവും ഇല്ലാതാക്കാന്‍ ഇത് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, ഇക്കാര്യം രേഖയാക്കുന്നതിലൂടെ സ്ഥാനക്കയറ്റം ലഭിക്കാത്ത ജഡ്ജിയുടെ നിലവിലുള്ള ജോലിയെയും ഭാവിയിലേക്കുള്ള സാധ്യതകളെയും ബാധിക്കും എന്നാണ് കൊളീജിയത്തിന്‍െറ തടസ്സവാദം.
ജഡ്ജിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് ഒരു സെക്രട്ടേറിയറ്റ് സംവിധാനമുണ്ടാക്കി അവരുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചുവെക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശവും അതിന്‍െറ ആവശ്യമില്ളെന്ന് പറഞ്ഞ് കൊളീജിയം അംഗീകരിച്ചിട്ടില്ല.
പ്രമുഖ അഭിഭാഷകരില്‍നിന്നും നിയമവിദഗ്ധരില്‍നിന്നും ചുരുങ്ങിയത് മൂന്ന് സുപ്രീംകോടതി ജഡ്ജിമാരെയെങ്കിലും നിയമിക്കണമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകരില്‍നിന്നും വിദഗ്ധരില്‍നിന്നും ജഡ്ജിമാരെ നിയമിക്കുമ്പോള്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും അവസരം നല്‍കണമെന്ന നിര്‍ദേശവും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. എന്നാല്‍, ഇങ്ങനെ ക്വോട്ട നിശ്ചയിക്കാന്‍ സര്‍ക്കാറിന് ഭരണഘടനാപരമായ അധികാരമില്ളെന്ന കൊളീജിയത്തിന്‍െറ വാദം സര്‍ക്കാറിന് അംഗീകരിക്കേണ്ടിവന്നു. ന്യായാധിപ നിയമന വിഷയത്തില്‍ സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാറും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം മൂലം ജഡ്ജി നിയമനം മുടങ്ങിക്കിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.