മകനെ രക്ഷിക്കുന്നതിനിടെ അച്ഛൻ കടലിൽ മുങ്ങിമരിച്ചു
text_fieldsകൊടുങ്ങല്ലൂർ: അഴീക്കോട് മുനക്കൽ ബീച്ചിൽ തിരയിൽപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് കടലിൽ മരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് സമീപം എസ്.എൻ. നഗർ സ്വദേശി പനങ്ങാട്ട് വീട്ടിൽ വേലായുധന്‍റെ മകൻ ഭരതൻ (50) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മതിലകം പുതിയകാവുള്ള സഹോദരിയുടെ വീട്ടിൽ ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു ഭരതനും കുടുംബവും. വൈകീട്ടോടെ ബന്ധുക്കളടക്കം പത്തോളം പേർ വിനോദ സഞ്ചാര കേന്ദ്രമായ അഴീക്കോട് മുനക്കലിലെത്തി. കടലിൽ കാര്യമായ തിരയുണ്ടായിരുന്നില്ലെങ്കിലും വെള്ളത്തിൻ്റെ പ്രകടമല്ലാത്ത ഉൾവലിവ് ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് തീരത്തുണ്ടായിരുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ലൈഫ് ഗാർഡ് വി.സി. പ്രതാപൻ പറഞ്ഞു.
തിരയിൽപ്പെട്ട മൂത്ത മകൻ ഹരിപ്രസാദിനെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു ഭരതനും ബന്ധുക്കളായ മറ്റു രണ്ടുപേരും. ഇതിനിടെ തിരമാലകൾക്കിടയിൽപെട്ട ഭരതനും സഹോദരിയുടെ മകൻ കിരണും വെള്ളത്തിൽ മുങ്ങിതാഴ്ന്നു. അതേ സമയം മകനും മറ്റൊരു ബന്ധുവും സുരക്ഷിതമായി തിരിച്ച് കയറി. ലൈഫ് ഗാർഡുകൾ ഭരതനെയും കിരണിനെയും കരക്കു കയറ്റി കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലെത്തിച്ചെങ്കിലും ഭരതൻ മരിച്ചിരുന്നു.
ലൈഫ് ഗാർഡുകളായ വി.സി. പ്രതാപൻ, പി.ബി. ഉമ്മർ, മത്സ്യബന്ധന തൊഴിലാളിയായ അബു എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇരിങ്ങാലക്കുടയിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് ഭരതൻ. ഭാര്യ: ജിനി. മക്കൾ: ഹരിപ്രസാദ്, ആനന്ദ് പ്രസാദ്, അമ്പിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.