അമിതവേഗതയിൽ മറികടന്ന കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് അധ്യാപികക്ക് ദാരുണാന്ത്യം
text_fieldsകായംകുളം: അമിതവേഗതയിൽ അലക്ഷ്യമായി ഓവർടേക്കിങ് നടത്തിയ കെ.എസ്.ആർ.ടി സി ബസിന് അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികയായ സ്കൂൾ അധ്യാപികക്ക് ദാരുണാന്ത്യം. ഭഗവതിപ്പടിയിൽ താമസിച്ചിരുന്ന ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തിൽ ജയകുമാറിന്‍റെ ഭാര്യ എം.എസ്. സുമയാണ് (51) മരിച്ചത്. കായംകുളം എസ്.എൻ. ഇൻറർനാഷണൽ സ്കൂൾ അധ്യാപികയായിരുന്നു.
കായംകുളം - തട്ടാരമ്പലം റോഡിൽ തട്ടാവഴി ജംഗ്ഷനിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. സ്കൂളിലേക്ക് വരികയായിരുന്ന സുമം സഞ്ചരിച്ച സ്കൂട്ടറിൽ പിന്നാലെ വന്ന ബസ് തട്ടുകയായിരുന്നു. നിയന്ത്രണം തെറ്റി ബസിന് അടിയിലേക്ക് വീണ സുമയുടെ തലയിലൂടെ പിന്നിലെ ടയർ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു.
ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടി ചിതറിയാണ് തലയിലൂടെ ബസ് കയറി ഇറങ്ങിയത്. അപകടം നടന്നതോടെ കോട്ടയത്തുനിന്നും കൊല്ലത്തേയ്ക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. ആംബുലൻസ് എത്തിയാണ് മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം റോഡിൽ ഗതാഗതം സ്തംഭിച്ചു.
സുമയുടെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ഭർതൃഗൃഹമായ ഭരണിക്കാവ് പാലമുറ്റത്ത് വീട്ടുവളപ്പിൽ. മകൻ: അശ്വിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.