റെയിൽപാത ഇരട്ടിപ്പിക്കൽ: കൊടിക്കുന്നിലിനെതിരെ ആരിഫ് എം.പി
text_fieldsആലപ്പുഴ: അമ്പലപ്പുഴ-എറണാകുളം റെയിൽപാത ഇരട്ടിപ്പിക്കൽ സ്വന്തം ചെലവിൽതന്നെ നിർമിക്കാൻ റെയിൽവേ നേരത്തേ തീരുമാനിച്ചിരുന്നതാണെന്നും അതിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും എ.എം. ആരിഫ് എം.പി. പാത ഇരട്ടിപ്പിക്കലിന് തുക ബജറ്റിൽ വകയിരുത്തിയിട്ടുള്ളതുമാണ്. ഒരു ഘട്ടത്തിൽ ആലപ്പുഴ-കായംകുളം റെയിൽവേ ഇരട്ടിപ്പിക്കൽ നിർത്തിവെച്ചിരുന്നു.
എന്നാൽ, എം.പി എന്ന നിലയിൽ താൻ കഠിനശ്രമം നടത്തിയതിന്‍റെ ഫലമായി ദക്ഷിണമേഖല റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് മുൻകൈയെടുത്ത് ഭൂമി ഏറ്റെടുക്കലും പണിയും റെയിൽവേയുടെ മുതൽ മുടക്കിൽ പുനരാരംഭിക്കുകയായിരുന്നു. വസ്തുത ഇതായിരിക്കെയാണ് അമ്പലപ്പുഴ-എറണാകുളം റെയിൽവേപാത ഇരട്ടിപ്പിക്കൽ റെയിൽവേ സ്വന്തംനിലയിൽ നിർവഹിക്കാൻ പുതുതായി തീരുമാനിച്ചതായി അവകാശപ്പെടുന്നത്. ഇത് ശുദ്ധ വിവരക്കേടാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കലാണ്.
കേരളത്തിലെ എം.പിമാരുടെ പ്രതിനിധിയായി സീനിയർ അംഗമെന്ന നിലയിൽ ഞങ്ങളുടെയൊക്കെ കാര്യം അവതരിപ്പിക്കുന്നതിന് അദ്ദേഹത്തെ തീരുമാനിക്കുകയും അവരുടെ പാർട്ടി തീരുമാനപ്രകാരം റെയിൽവേ സ്ഥിരം സമിതി അംഗമായി തീരുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ എല്ലാ എം.പിമാരുടെയും മണ്ഡലത്തിലെ പ്രശ്നങ്ങൾ പഠിക്കണം. ഇതില്ലാതെ വെറുതെ പ്രസ്താവനകൾ നൽകുകയാണ് കൊടിക്കുന്നിൽ ചെയ്യുന്നത്.
എം.പിമാരുടെ പൊതു പ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തെ അംഗീകരിക്കാൻ തനിക്ക് കഴിയില്ലെന്നും ആരിഫ് പ്രസ്താവനയിൽ അറിയിച്ചു. യു.ഡി.എഫിലെ പല എം.പിമാരും ഇക്കാര്യത്തിൽ പരാതിക്കാരാണ്. പല എം.പിമാർക്കും അസഹനീമായിരിക്കുകയാണ് ഇദ്ദേഹത്തിന്‍റെ ഇടപെടലുകളെന്നും വിവരദോഷം നിർത്താൻ കൊടിക്കുന്നിൽ സുരേഷ് തയാറാകണമെന്നും ആരിഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.