അഹമ്മദ് മുസ്ലിം -അരങ്ങൊഴിഞ്ഞത് മഹാപ്രതിഭ
text_fieldsകരുനാഗപ്പള്ളി: അഹമ്മദ് മുസ്ലിം എന്ന മഹാ പ്രതിഭ അരങ്ങൊഴിഞ്ഞു. സ്കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചുകാരനായ അദ്ദേഹം മറക്കാൻ കഴിയാത്ത സംഭാവനകളാണ് നാടകരംഗത്തും സിനിമാരംഗത്തും ബാക്കി വെച്ചത്.
ഇടക്കുളങ്ങര എൽ.പി.എസിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. തുടർന്ന് കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിൽ പഠിക്കുന്ന കാലം മുതൽ അഭിനയ മികവ് തെളിയിച്ചുതുടങ്ങി. ശാസ്താംകോട്ട ഡി.ബി കോളജിൽനിന്ന് മലയാളത്തിൽ ബിരുദവും സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് തിയറ്റർ ആർട്സിൽ ബിരുദവും നേടി. ഡി.ബി കോളജിൽ ആർട്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു.
അടിയന്തരാവസ്ഥ നാളുകളിൽ കോളജ് കലോത്സവത്തിന് എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ച 'കോടതി ലഞ്ചിന് പിരിയുന്നു', 'ഉന്നതങ്ങളിൽ ഭാഗധേയം' എന്നീ നാടകങ്ങൾ ഏറെ ശ്രദ്ധനേടി. പ്രശസ്ത നാടക ചലച്ചിത്ര പ്രവർത്തകനായ പി. ബാലചന്ദ്രെൻറ മകുടി എന്ന നാടകത്തിലെ പാമ്പാട്ടിയുടെ കഥാപാത്രം അനശ്വരമാക്കി. അന്ന് സർവകലാശാലാ യുവജനോത്സവത്തിൽ മികച്ച നടനായി ഈ നാടകത്തിലൂടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് തുടർച്ചയായി മൂന്നുവർഷം മികച്ച നടനായി.
പ്രിയദർശൻ, ലെനിൻ രാജേന്ദ്രൻ, രാജീവ്നാഥ് തുടങ്ങിയ സംവിധായകർക്കൊപ്പം ആദ്യകാലത്ത് സഹസംവിധായകനായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. രാജീവ് നാഥ് സംവിധാനം ചെയ്ത ഒ.വി. വിജയെൻറ ചെറുകഥയെ അടിസ്ഥാനമാക്കി നിർമിച്ച കടൽത്തീരത്ത് എന്ന ചിത്രത്തിൽ നായകവേഷത്തിലെത്തി. നാടകമാണ് ഇടമെന്ന തിരിച്ചറിവിൽ വീണ്ടും തിരികെയെത്തിയ അഹമ്മദ് മുസ്ലിം രക്ഷാപുരുഷൻ, തിരുമ്പിവന്താൻ തമ്പി, അമാവാസിയിൽ പൗർണമി തേടി, വി.കെ. ശിവൻകുട്ടിയുടെ 'റുക്കിയഉമ്മ നിസ്കരിക്കുകയാണ്' തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ നാടകങ്ങൾ ചെയ്തു.
തോപ്പിൽ ഭാസിയുടെ അപ്രകാശിത നാടകമായ 'അളിയൻ വന്നത് നന്നായി' നാടകം വേദിയിലെത്തിച്ചതും അഹമ്മദാണ്. നാടകപ്രതിഭയായി തിളങ്ങിനിന്ന കാലത്ത് ലഹരി കീഴടക്കിയതോടെ ഏറെനാൾ നിശബ്ദനായി. 'ഒരു സങ്കീർത്തനം പോലെ' എന്ന നോവലിെൻറ നാടകാവിഷ്കാരത്തിലൂടെ അടുത്തകാലത്ത് തിരികെയെത്തി. അവസാനകാലത്ത് പത്താനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. അവിടെവെച്ചായിരുന്നു മരണം.
തൊടിയൂർ ഇടക്കുളങ്ങരയിൽ ഏറെക്കാലം താമസിച്ചിരുന്ന മണ്ണേൽ നാസറിെൻറ വീട്ടിൽ കൊണ്ടുവന്ന മൃതദേഹം പൊതുദർശനത്തിന് വെച്ചശേഷം വൈകുന്നേരം മൂന്നോടെ ഇടക്കുളങ്ങര പാലോലികുളങ്ങര ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.