അഴീക്കോട് 'കടവ്' കടന്ന് 'ആശാൻ' യാത്രയായി
text_fieldsഎടവനക്കാട്: ആറു പതിറ്റാണ്ടിലേറെ ബസ് യാത്രികർക്ക് 'വഴികാട്ടിയ' അഴീക്കോട് ജെട്ടിയിലെ ആശാൻ ഓർമയായി.
നാട്ടുകാരുടെ മോമുണ്ണിക്ക എന്ന കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി പൂളത്ത് മുഹമ്മദ് അഴീക്കോട്ടുകാർക്ക് 'കടവിലെ ആശാൻ' ആയിരുന്നു. 1956 ൽ സ്വകാര്യ ബസ് ജീവനക്കാരനായാണ് അദ്ദേഹം അഴീക്കോട് ജെട്ടിയിലെത്തുന്നത്.
മുനമ്പം കടത്തുകടന്ന് അഴീക്കോട് കടവിലെത്തുന്ന യാത്രക്കാരെ ബസുകളുടെ റൂട്ട് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് കയറ്റി വിടുന്നതായിരുന്നു ജോലി.
അക്കാലത്ത് ബോർഡിലെ സ്ഥലനാമങ്ങളൊന്നും വായിച്ചെടുക്കാനറിയാത്ത യാത്രക്കാർക്ക് ഇത് ഏറെ സഹായവുമായിരുന്നു.
മുനമ്പത്തു നിന്നുള്ള ബോട്ട് ജെട്ടിയിലടുക്കുന്നതിന് മുമ്പെ ആശാെൻറ വിളി യാത്രികരുടെ ചെവിയിലെത്തുമായിരുന്നു.
അക്കാലത്ത് കോതപറമ്പിൽ ബീഡിക്കട നടത്തിയിരുന്ന ആശാന് ബസുകാരുമായുണ്ടായിരുന്ന പരിചയവും സൗഹൃദവുമാണ് അഴീക്കോട് ജെട്ടിയിലെത്തിച്ചത്.
ജെട്ടിയിൽ സ്ഥിരസാന്നിധ്യമായതോടെ മറ്റു ബസുകാരും ആശാെൻറ സേവനം ഉപയോഗപ്പെടുത്തി. ആറു പതിറ്റാണ്ടിനിടെ ഇതുവഴി കടന്നുപോയ കുട്ടികൾ ഉൾപ്പെടെ വൈപ്പിൻ കരക്കാർക്ക് സുപരിചിതനായിരുന്നു.
പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു കൊച്ചിയിലേക്കുള്ള യാത്രാ മധ്യേ ബോട്ടിൽ മുനമ്പത്തേക്കു കടക്കാനെത്തിയപ്പോൾ ഹസ്തദാനം ചെയ്യാനായത് അവിസ്മരണീയ അനുഭവമായി ആശാൻ പറയുമായിരുന്നു.
നൂറ്റി മൂന്ന് വയസ്സായ അദ്ദേഹം പ്രായാധിക്യം മൂലമുള്ള അവശതകളെ തുടർന്ന് നാളുകളായി വിശ്രമത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.