രാമവിലാസം രാമേട്ടൻ ഇനി ഓർമ
text_fieldsകൽപറ്റ: ആവിപറക്കുന്ന ഇഡലിയും സാമ്പാറും രുചിയൂറും ഉപ്പുമാവും മസാല ദോശയുമെല്ലാം കൽപറ്റക്കാരെ സ്നേഹത്തോടെ ഊട്ടിയ രാമേട്ടൻ ഇനി ഓർമ. കൽപറ്റയിലെത്തുന്നവർക്ക് രാമവിലാസത്തിലെ നാടൻ പച്ചക്കറിയൂണും ഏറെ പ്രിയപ്പെട്ടതായിരുന്നു. കൽപറ്റ പി.ഡബ്ല്യു.ഡി ഓഫിസ് റോഡിലെ രാമവിലാസം എന്ന വെജിറ്റേറിയൻ ഹോട്ടലിന്റെ സ്ഥാപകനായ എല്ലാവരും രാമേട്ടൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന പാണമ്പറ്റ രാമന് നാട് വിടചൊല്ലി. മൂന്നുമാസത്തോളാമായി പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന രാമേട്ടൻ 90ാം വയസ്സിൽ ശനിയാഴ്ച അർധരാത്രിക്കുശേഷമാണ് വിടവാങ്ങിയത്. കൽപറ്റയിലും ചുണ്ടേലിലുമായുള്ള രാമവിലാസം ഹോട്ടൽ അദ്ദേഹത്തിന്റെ മക്കളാണിപ്പോൾ നടത്തുന്നത്.
മലപ്പുറം അരീക്കോട് തൃപ്പനച്ചി സ്വദേശിയായ രാമേട്ടൻ വയനാട്ടിലെത്തി 50 വർഷങ്ങൾക്ക് മുമ്പാണ് വാടകക്കെട്ടിടത്തിൽ ഹോട്ടൽ തുടങ്ങുന്നത്. വയനാട്ടിലെ തന്നെ ആദ്യകാല വെജിറ്റേറിയൻ ഹോട്ടൽ സംരംഭങ്ങളിലൊന്നായിരുന്നു അത്. അക്കാലത്ത് കൽപറ്റയിലെ രാഷ്ട്രീയക്കാരുടേതടക്കം രുചിയിടമായിരുന്നു രാമവിലാസം. ഏവരെയും നിറചിരിയോടെ സ്വീകരിക്കുന്ന രാമേട്ടന്റെ ഹോട്ടലിലെ ഉച്ചയൂൺ ഒരു തവണയെങ്കിലും കഴിച്ചുനോക്കാത്ത കൽപറ്റക്കാർ വിരളമായിരിക്കും. വീട്ടിലുണ്ടാക്കുന്നതുപോലെ നാടൻ രുചിക്കൂട്ടിലുള്ള ഊൺ കഴിക്കുന്നതിനായി ഓരോ ദിവസവും നിരവധി പേരാണ് ഹോട്ടലിലെത്താറുണ്ടായിരുന്നത്. ഉച്ചസമയങ്ങളിൽ ഊണിനായി ഊഴം കാത്തുനിൽക്കുന്നവരുടെ കാഴ്ച രാമേട്ടന്റെ കടയിൽ പതിവായിരുന്നു.
പ്രായാധിക്യത്താൽ അഞ്ചുവർഷമായി രാമേട്ടൻ ഹോട്ടലിലേക്ക് വരാറില്ല. ഏഴാം ക്ലാസ് മുതൽ അച്ഛനോടൊപ്പം ഹോട്ടലിന്റെ നടത്തിപ്പിന് സഹായിച്ചിരുന്ന മൂത്തമകൻ ദേവദാസും മുരളീധരനും ചേർന്നാണ് കൽപറ്റയിലെ ഹോട്ടൽ ഏറെക്കാലമായി നടത്തിവരുന്നത്. രാമേട്ടന്റെ മകനായ ഉണ്ണികൃഷ്ണനാണ് ചുണ്ടേലിലെ ഹോട്ടൽ നടത്തുന്നത്. രാമേട്ടന്റെ മരണ വിവരമറിഞ്ഞ് ഞായറാഴ്ച രാവിലെ മുതൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധിപേരാണ് വീട്ടിലേക്കെത്തിയത്. ഉച്ചവരെ വീട്ടിൽ പൊതുദർശനത്തിനുവെച്ചശേഷം ഒരുമണിക്കുശേഷം വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടത്തി.
ഇന്ന് രാവിലെ കൽപറ്റയിൽ ഹർത്താൽ
കൽപറ്റ: കൽപറ്റ പി.ഡബ്ല്യു.ഡി ഓഫിസ് റോഡിലെ രാമവിലാസം ഹോട്ടൽ ഉടമ പാണമ്പറ്റ രാമന്റെ നിര്യാണത്തിൽ അനുശോചിച്ച് തിങ്കളാഴ്ച 11 മണിവരെ കൽപറ്റ നഗരത്തിൽ കടകളടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.