സി.എം. മുഹമ്മദ് ഹാജി അന്തരിച്ചു
text_fieldsബംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ട്രഷററും പ്രമുഖ വ്യാപാരിയുമായിരുന്ന സി.എം. മുഹമ്മദ് ഹാജി (84) നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് മരണം. ബംഗളൂരു ശാന്തിനഗറിലാണ് താമസം.
എം.എം.എ സ്ഥാപക നേതാവും ആദ്യ പ്രസിഡൻ്റുമായിരുന്ന പരേതനായ ടി.എം. അബ്ദുറഹ്മാൻ ഹാജി പിതാവും ഫാത്വിമ മാതാവുമാണ്. കണ്ണൂർ എടക്കാട്, കാഞ്ഞങ്ങാട് ചെറിയ മേലാട്ട് പുതിയപുരയിൽ കുടുംബാംഗമായ ഇദ്ദേഹം വളരെ ചെറുപ്രായത്തിൽ തന്നെ ബംഗളൂരുവിൽ ബിസിനസുകാരനായ പിതാവിനൊപ്പമായിരുന്നു. എം.എം.എ മുൻ ട്രഷററും തൻ്റെ മൂത്ത സഹോദരനുമായ സി.എം. അലി ഹാജിയുടെ വിയോഗത്തിന് ശേഷം 35 വർഷത്തിലധികമായി മലബാർ മുസ്ലിം അസോസിയേഷൻ്റെ ട്രഷററാണ്. ശരീഫബിയാണ് ഭാര്യ. മക്കൾ: തസ്ലീം മുഹമ്മദ്, തൻവീർ മുഹമ്മദ്, തമീം മുഹമ്മദ്, ഫാത്വിമ, സാജിദ, ഡോ. ശഹീദ. മരുമക്കൾ: സി.പി. മുഹമ്മദ് ബഷീർ (ഉമർ ബീഡി), ഡോ. സയ്യിദ് ജാഫർ, പരേതനായ ഡോ. പൂയ മുസഫർ, റുഖിയ തസ്ലീം, ശഹർബാൻ തൻവീർ, നിശിദ തമീം.
സഹോദരങ്ങൾ: സി.എം. ഖാദർ, ഡോ. സി.എം. അഹ്മദ് പാഷ, സി.എം. ഹാഷിം, സി.എം റഷീദ്, സി.എം കരീം, സി.എം. മറിയം, സി.എം. നബീസ.
മൃതദേഹം കോഴിക്കോട് നിന്ന് രാത്രി എട്ടിന് മുമ്പായി ബംഗളൂരുവിലെ വീട്ടിലെത്തിക്കും. തുടർന്ന് ബിലാൽ മസ്ജിദിൽ മയ്യിത്ത് നിസ്കാരത്തിന് ശേഷം ശാന്തിനഗർ ഖബർസ്ഥാനിൽ ഖബറടക്കും.
വിടപറഞ്ഞത് പാവങ്ങളുടെ തോഴൻ
ബംഗളൂരു: ബംഗളൂരുവിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യവസായ പ്രമുഖനായിരുന്നു അന്തരിച്ച സി.എം. മുഹമ്മദ് ഹാജി. ഒമ്പതു പതിറ്റാണ്ട് പിന്നിട്ട ബംഗളൂരുവിലെ പ്രമുഖ സംഘടനയായ മലബാർ മുസ്ലിം അസോസിയേഷനുവേണ്ടി നാലു പതിറ്റാണ്ടിലധികം ട്രഷററായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
അദ്ദേഹത്തിന്റെ വേർപാട് നികത്താനാവാത്ത നഷ്ടമാണ്. വിവിധ മുസ്ലിം സംഘടനകളുമായി അഭേദ്യമായ ബന്ധം പുലർത്തിയ അദ്ദേഹം എല്ലാവരെയും ഒരുപോലെ തന്നോടൊപ്പം ചേർത്തു. എല്ലാവർക്കും കൈയയഞ്ഞ് സഹായവും നൽകിയിരുന്നു.
മലബാർ മുസ്ലിം അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ടി.എം. അബ്ദുറഹ്മാൻ ഹാജിയുടേയും മൂത്ത സഹോദരനായ സി.എം. അലി ഹാജിയുടേയും പ്രവർത്തന പാത പിന്തുടർന്ന അദ്ദേഹം പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള വിവിധ പ്രവർത്തനങ്ങളിൽ എല്ലാ സമയത്തും മുൻപന്തിയിലായിരുന്നു. കേരളത്തിലെ രാഷ്ട്രീയ നേതാക്കളായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുമായും തന്റെ അയൽവാസി കൂടിയായ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പിയുമായും നല്ല ബന്ധം നിലനിർത്തിയിരുന്ന അദ്ദേഹം എല്ലാ മേഖലകളിലും സജീവമായിരുന്നു.
മലബാർ മുസ്ലിം അസോസിയേഷന്റെ പ്രഥമ പലിശരഹിത വായ്പ പദ്ധതിക്ക് തുടക്കം കുറിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. പ്രവാസി മലയാളികൾക്കിടയിലെ മാതൃകാ പ്രവർത്തകൻകൂടിയായിരുന്നു വിടപറഞ്ഞ സി.എം. മുഹമ്മദ് ഹാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.