ഓച്ചിറ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും എം.സി.പി.ഐ (യു) പോളിറ്റ്ബ്യൂറോ അംഗവുമായ ചങ്ങൻകുളങ്ങര തെങ്ങനത്ത് മഠത്തിൽ എൻ. പരമേശ്വരൻ പോറ്റി (70) നിര്യാതനായി. സി.പി.എം ഓച്ചിറ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി, കൊല്ലം ജില്ല കമ്മിറ്റിയംഗം എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് 2003ൽ വി.ബി. ചെറിയാനൊപ്പം പാർട്ടി വിട്ട ശേഷം എം.സി.പി.ഐ(യു) രൂപവത്കരണത്തിൽ മുൻകൈയെടുത്തു. 1969ൽ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. കൊല്ലം എസ്.എൻ കോളജ് യൂനിറ്റ് സെക്രട്ടറി, എസ്. എഫ്.ഐ ജില്ല വൈസ് പ്രസിഡന്റ്, കെ.എസ്.വൈ.എഫ് താലൂക്ക് സെക്രട്ടറി, കർഷകസംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം എന്നീ പദവികൾ വഹിച്ചു. ഓച്ചിറ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു. നവപഥം പത്രാധിപരായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 18 മാസത്തോളം ഒളിവിൽ കഴിഞ്ഞു. ഡോ. ശാന്താദേവിയാണ് ഭാര്യ. മക്കൾ: ഡോ. ചിത്ര, മിത്ര. മരുമകൻ: ഡോ. ശ്രീജിത്ത്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചങ്ങൻകുളങ്ങരയിലെ വീട്ടുവളപ്പിൽ.