കുവൈത്ത് സിറ്റി/ കൊയിലാണ്ടി: കുവൈത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി എന്ന കോഴിക്കോട് കൊല്ലം പെരുവട്ടൂർ മിയാമി മൻസിലിൽ അബ്ദുൽ ഗഫൂർ (51) നിര്യാതനായി. ന്യൂസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ കുവൈത്തിലെ സാമൂഹിക മേഖലയിൽ സുപരിചിതനാണ്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻറിഫിക് റിസർച് സെന്ററിൽ ഫോട്ടോഗ്രാഫറായിരുന്നു.
മനോരമ കുവൈത്ത് ബ്യൂറോയിലും പ്രവർത്തിച്ചു. കേരള പ്രസ് ക്ലബ് കുവൈത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമാണ്. നിരവധി ശിഷ്യസമ്പത്തിന് ഉടമയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകളുടെ വിവാഹത്തിനായി ജൂൺ 22 നാണ് നാട്ടിലെത്തിയത്. കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് മൂടാടി സ്വദേശിയാണ്. അൽ ജരീദ പത്രത്തിന്റെ ഫോട്ടോഗ്രാഫർ നൗഫൽ മൂടാടി സഹോദരനാണ്. ഭാര്യ: ഫൗസിയ. മക്കൾ: അഥീന പർവീൺ, അഭിന പർവീൺ. മരുമകൻ: അജ്മൽ. പിതാവ്: പൊയിലിൽ ഇബ്രാഹിംകുട്ടി. മാതാവ്: ആയിഷ. മറ്റു സഹോദരങ്ങൾ: ബൽക്കീസ്, താജുന്നിസ. ഞായറാഴ്ച വൈകീട്ട് നാലിന് പാറപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ കുവൈത്ത് ഇന്ത്യൻ അംബാസഡർ സിബി ജോർജ് അനുശോചിച്ചു.