കോന്നി: മലയാലപ്പുഴ വള്ളിയാനി ചരിവുപുരയിടത്തിൽ എബ്രഹാം തോമസിന്റെ ഭാര്യ ശാന്തമ്മയെ(63) സമീപ പുരയിടത്തിലെ സോളാർ വേലിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൈദ്യുതാഘാതമേറ്റെന്ന സംശയം ഉയരുന്നു. ശനിയാഴ്ച വൈകീട്ട് 5.30ഓടെ വിറക് ശേഖരിക്കാൻ പോയ വീട്ടമ്മയെ സോളാർ വേലിയിൽ കുരുങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. ഒരു മണിക്കൂർ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് എബ്രഹാം തോമസ് അന്വേഷിച്ച് പോകുകയായിരുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്ത് പലരും കെണികളും സോളാർ വേലികളിൽ രാത്രിയിൽ വൈദ്യുതിയും കടത്തി വിടാറുണ്ട്. സംഭവത്തിൽ ദുരൂഹതയുള്ളതായി സംശയമുണ്ടെന്ന് ഭർത്താവ് എബ്രഹാം തോമസ് പൊലീസിന് മൊഴി നൽകി. സോളാർ വൈദ്യുതി വേലിയിൽ തട്ടി മരണപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ സോളാർ വേലിയിൽ വൈദ്യുതി കടത്തിവിട്ടതായ സൂചനകൾ ലഭിച്ചിട്ടില്ലെന്ന് മലയാലപ്പുഴ എസ്.എച്ച്.ഒ കെ.എസ്. വിജയൻ പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. സംസ്കാരം തിങ്കളാഴ്ച നടക്കും. മക്കൾ: സന്തോഷ് തോമസ്, മിനി തോമസ്. മരുമകൻ: റെന്നി എബ്രഹാം.