റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഉതിമൂട്ടിൽ കനത്തമഴയിൽ നിയന്ത്രണംവിട്ട ജീപ്പ് മറിഞ്ഞ് രണ്ടു യുവാക്കൾ മരിച്ചു. മറ്റു മൂന്നുപേർക്ക് പരിക്കേറ്റു. റാന്നി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അങ്ങാടി മണ്ണാറത്തറ മരോട്ടിപതാലില്‍ എം.ബി. കൃഷ്ണന്‍കുട്ടിയുടെ മകന് യദുകൃഷ്ണന് (18), അങ്ങാടി മണ്ണാറത്തറ മാലിപ്പുറം എം.ജെ. വര്‍ഗീസിന്റെ മകന് സിജോ വര്‍ഗീസ് (18) എന്നിവരാണ് മരിച്ചത്. പ്ലസ്ടു കഴിഞ്ഞ് ഉന്നത പഠനത്തിന് ശ്രമിക്കുകയായിരുന്നു ഇരുവരും. പ്ലാങ്കമൺ സ്വദേശി അജയൻ, റാന്നി പാലച്ചുവട് സ്വദേശി ജിബിൻ, പ്രിൻസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അജയനും പ്രിൻസും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജിബിന്‍ സാരമായ പരിക്കില്ല. ഞായറാഴ്ച ഉച്ചക്ക് 2.30 ഓടെ ഉതിമൂട് ജങ്ഷന് സമീപത്തെ ചെറിയ വളവിലാണ് അപകടം. കനത്തമഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലെ ക്രാഷ്ബാരിയര്‍ തകർത്ത് ഇടിച്ചുമറിയുകയായിരുന്നു. തോടിന് മറുകര വരെ യാത്രക്കാർ തെറിച്ചു വീണതായി ദൃക്സാക്ഷികൾ പറയുന്നു.