കൊലപാതകമെന്ന് സംശയം
നെടുങ്കണ്ടം: ഉടുമ്പൻചോലക്ക് സമീപം ചെമ്മണ്ണാറിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പളിൽ ജോസഫ് ചാക്കോയാണ് (59) മരിച്ചത്. ചെമ്മണ്ണാർ കൊന്നക്കാപ്പറമ്പിൽ രാജേന്ദ്രന്റെ വീട്ടിൽ മോഷണ ശ്രമത്തിനിടെ പിടികൂടുന്നതിനിടെ കടന്നുകളയാൻ ശ്രമിക്കവെ മരത്തിൽ തട്ടി വീണ് മരിച്ചതാണെന്ന് ചിലരും എന്നാൽ, ഇയാൾ മോഷ്ടാവല്ലെന്ന് പ്രദേശവാസികളും പറയുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് രാജേന്ദ്രൻ പറയുന്നത്: ചൊവ്വാഴ്ച പുലർച്ച നാലോടെ ജോസഫ് ഓട്ടോറിക്ഷ ഡ്രൈവറായ തന്റെ വീട്ടിലെത്തി. വീടിന് പിൻഭാഗത്തെ വാതിൽ തകർത്താണ് അകത്തു കടന്നത്. അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ജോസഫിന്റെ കൈതട്ടി മൊബൈൽ ഫോൺ നിലത്തുവീണു. ശബ്ദം കേട്ട് ഉണർന്നതോടെ ജോസഫ് പുറത്തേക്കോടി. പിന്തുടർന്ന് എത്തിയ തങ്ങൾ ഇരുവരും തമ്മിൽ മൽപിടിത്തമുണ്ടായി. എന്നാൽ, തന്നെ കടിച്ച് പരിക്കേൽപിച്ച് ജോസഫ് കടന്നുകളഞ്ഞു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ പ്രദേശത്ത് തിരച്ചിൽ നടത്തി. ഇതിനിടെ രാജേന്ദ്രന്റെ വീടിന് നൂറ് മീറ്റർ അകലെ മറ്റൊരു വീടിന്റെ മുറ്റത്താണ് ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് മൽപിടിത്തം നടന്നതിന്റെ സൂചനകളുണ്ട്. എന്നാൽ, കാലിവളർത്തലും പശു കറവയും ഉള്ള രാജേന്ദ്രന്റെ വീട്ടിൽ പുലർച്ച നാലിന് ശേഷം മോഷണത്തിനെത്തി എന്നതും മെച്ചമായ സാമ്പത്തിക സ്ഥിതിയുള്ള ജോസഫ് മോഷണം നടത്തി എന്നതും അവിശ്വസനീയമാണെന്ന് പ്രദേശവാസികൾ പറയുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് വാക്കത്തി, ടോർച്ച്, കുട, രണ്ട് ഷർട്ട്, ഒരു പൊതി പന്നിയിറച്ചി എന്നിവ കണ്ടെത്തി. മാസങ്ങൾക്ക് മുമ്പ് സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ജോസഫിന്റെ ഇടത് കൈക്ക് സ്വാധീനക്കുറവുണ്ട്. ഉടുമ്പൻചോല പൊലീസും ഇടുക്കിയിൽനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലം സന്ദർശിച്ചു. ജോസഫിനൊപ്പം മറ്റൊരാളും നടന്നുവരുന്ന സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: മേരി. മക്കൾ: ആൻസൺ, ആൽഫി.