ശാസ്താംകോട്ട: കുന്നത്തൂർ പാലത്തിൽനിന്ന് കല്ലടയാറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം മൂന്നാംദിവസം കണ്ടെടുത്തു. കുന്നത്തൂർ തുരുത്തിക്കര തൊടുവയൽ വീട്ടിൽ രാജേന്ദ്രന്റെയും അനിതയുടെയും മകൾ രഞ്ജിത(20)യുടെ മൃതദേഹമാണ് കണ്ടെടുത്തത്. അഗ്നിരക്ഷാസേനയും സ്കൂബ ടീമും പരിശോധന തുടരുന്നതിനിടയിൽ ഞായറാഴ്ച രാവിലെ എട്ടോടെ കുന്നത്തൂർ പാലത്തിന് തെക്ക് മാറി ഉപ്പൂട് ഭാഗത്ത് മൃതദേഹം പൊങ്ങുകയായിരുന്നു. പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുന്നത്തൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് ആളുകൾ നോക്കിനിൽക്കെ രഞ്ജിത പാലത്തിൽനിന്ന് ചാടിയത്. പാലത്തിൽ ഉപേക്ഷിച്ച ബാഗിൽനിന്ന് ലഭിച്ച സർട്ടിഫിക്കറ്റുകളും ഫോട്ടോയും കണ്ടാണ് യുവതിയെ തിരിച്ചറിഞ്ഞത്. ശാസ്താംകോട്ടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീമും രണ്ടുദിവസമായി തിരച്ചിൽ നടത്തിയിട്ടും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കല്ലടയാറ്റിലെ അടിയൊഴുക്കും പ്രളയത്തിൽ അടിഞ്ഞുകൂടിയ കൂറ്റൻ വൃക്ഷങ്ങളുമാണ് തിരച്ചിൽ വിഫലമാക്കിയത്.
രണ്ട് വർഷമായി മാതാവിനും ഇളയ സഹോദരിക്കുമൊപ്പം പുനലൂർ വാളക്കോട് മാതാവിന്റെ വീട്ടിലാണ് രഞ്ജിത കഴിഞ്ഞിരുന്നത്. പ്ലസ് ടു പാസായ ശേഷം കൊട്ടാരക്കരയിൽ സൈനിക ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലനം നടത്തിവരികയായിരുന്നു. ശാസ്താംകോട്ട പൊലീസ് കേസെടുത്തു.