അഞ്ചാലുംമൂട്: നീരാവില്‍ നവോദയ ഗ്രന്ഥശാലക്ക് സമീപം ബുള്ളറ്റ് സ്വകാര്യബസിലിടിച്ചുകയറി ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരപരിക്ക്. തൃക്കരുവ ഞാറക്കൽ ഷിബിന മന്‍സിലില്‍ ഷഹാറുകുട്ടിയുടെ മകന് ഷിബിന്‍ഷാ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നീരാവില്‍ സ്വദേശി ജാസിമിനാണ് ഗുരുതരമായി പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം.
നീരാവില്‍ നിന്ന് അഞ്ചാലുംമൂട്ടിലേക്ക് വന്ന ബൈക്ക് അഞ്ചാലുംമൂട്ടില്‍ നിന്ന് കുരീപ്പുഴയിലേക്ക് വന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബൈക്ക് യാത്രികരുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലേക്ക് ഷിബിൻ തെറിച്ചുവീഴുകയായിരുന്നു. ഉടന്‍തന്നെ മതിലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുഹൃത്ത് ജാസിമിനെ ആദ്യം ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശ്രുശ്രൂഷ നല്‍കിയെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലക്കും കൈക്കും കാലിനുമാണ് ജാസിമിന് പരിക്ക്. അപകടത്തെതുടര്‍ന്ന് ചെറിയ തോതില്‍ ഗതാഗതതടസ്സമുണ്ടായി. അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മരിച്ച ഷിബിന്റെ മാതാവ്: ഐഷ ബീവി. സഹോദരി: ഷിബിന. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.