മാവേലിക്കര: അച്ചൻകോവിലാറ്റിൽ നീന്താനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ടിയൂർ ഹരിഹര മന്ദിരത്തിൽ രാധാകൃഷ്ണന്റെയും മിനിയുടെയും മകൻ ഹരികൃഷ്ണനാണ് (28) മരിച്ചത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു. കരിപ്പുഴ കീച്ചേരിക്കടവിൽ ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. സുഹൃത്തുക്കളായ മൂന്നു പേർക്കൊപ്പമാണ് ഹരികൃഷ്ണൻ കീച്ചേരിക്കടവിലെത്തിയത്. സുഹൃത്തിന്റെ കോഴിപ്പാലത്തെ വീട്ടിലെത്തിയതാണ് ഹരികൃഷ്ണൻ. ഇവിടെയെത്തിയ ശേഷം ഹരികൃഷ്ണൻ ബൈക്കിൽനിന്ന് വീണു. വസ്ത്രങ്ങൾ കഴുകാനാണ് കടവിലിറങ്ങിയത്. നീന്തൽ അറിയാവുന്ന ഹരികൃഷ്ണൻ ആറ്റിൽ നീന്തുന്നതിനിടെ കൈകാൽ കുഴഞ്ഞ് മുങ്ങിത്താഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇവരുടെ നിലവിളികേട്ട് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനയും സ്കൂബ ടീമും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച വീണ്ടും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സഹോദരൻ: ജയകൃഷ്ണൻ.