അടൂർ: കായംകുളം-പത്തനാപുരം സംസ്ഥാന പാതയിൽ അടൂർ പതിനാലാം മൈലിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പന്തളം കുരമ്പാല തെക്ക് തച്ചൻകോട്ട് മേലേതിൽ വർഗീസിന്റെ മകൻ ബിനിൽ വർഗീസാണ് (19) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നിനായിരുന്നു അപകടം. തിരുനെൽവേലിയിൽനിന്ന് വണ്ടാനത്തേക്ക് സിമന്റുമായി പോയ ചരക്കുലോറിയെ മറികടക്കുന്നതിനിടെ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു.ലോറിയുടെ വലതുവശത്തെ പിൻചക്രത്തിനടിയിൽപെട്ട് 20 മീറ്ററോളം നിരങ്ങി നീങ്ങിയ ബിനിൽ തൽക്ഷണം മരിച്ചു. ഇതിനിടെ ബൈക്കിൽ തട്ടിയ ഗുഡ്സ് ഓട്ടോ നിർത്താതെ പോയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അടൂർനിന്ന് കടമാൻകുളത്തെ വീട്ടിലേക്ക് പോകുമ്പോഴാണ് ബിനിൽ അപകടത്തിൽപെട്ടത്. മാതാവ്: ഏലമ്മ. സഹോദരൻ: അഖിൽ.