താനാളൂർ: വനിത ലീഗിന്റെയും എം.ജി.എമ്മിന്റെയും മുതിർന്ന നേതാവായിരുന്ന താനാളൂരിലെ പി. സൽമ ടീച്ചർ (70) നിര്യാതയായി. കേരള ജംഇയ്യത്തുൽ ഉലമ ഫത്വ ബോർഡ് ചെയർമാനും പുളിക്കൽ മദീനത്തുൽ ഉലൂം കോളജ് പ്രഫസറുമായിരുന്ന പി. കുഞ്ഞഹമ്മദ് മൗലവിയുടെയും പുളിക്കൽ എ.എം.എം ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപിക സി. ഹലീമയുടെയും മകളാണ്. രണ്ട് തവണ മലപ്പുറം ജില്ല പഞ്ചായത്ത് അംഗമായും, രണ്ടുതവണ താനാളൂർ ഗ്രാമപഞ്ചായത്ത് അംഗമായും, പ്രഥമ ജില്ലാ കൗൺസിൽ അംഗമായും തെരഞ്ഞെടുക്കപ്പെട്ട ടീച്ചർ തുടർച്ചയായി 23 വർഷം ജനപ്രതിനിധിയായി പ്രവർത്തിച്ചു. മികച്ച അധ്യാപികക്കുള്ള സംസ്ഥാന അധ്യാപക അവാർഡ് നേടിയിട്ടുണ്ട്. വനിത ലീഗിന്റെ മലപ്പുറം ജില്ല പ്രസിഡന്റായും സംസ്ഥാന സെക്രട്ടറിയായും തുടർച്ചയായി 25 വർഷം പ്രവർത്തിച്ചു. കെ.എൻ.എം വനിതാ വിഭാഗമായ എം.ജി.എമ്മിന്റെ മലപ്പുറം ജില്ല പ്രസിഡന്റായും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും ദീർഘകാലം പ്രവർത്തിച്ചു. റിട്ട. അധ്യാപകൻ മുഹമ്മദ് കുട്ടിയാണ് ഭർത്താവ്. മക്കൾ: മുജീബ് താനാളൂർ, കെ. ബുഷ്റ (അധ്യാപിക, പുതുകുളങ്ങര എ.എൽ.പി സ്കൂൾ, കെ. പുരം), ഡോ. കെ. സമീറ (ഹോമിയോ മെഡിക്കൽ ഓഫിസർ തൃപ്രങ്ങോട്). മരുമക്കൾ: പി.ടി. സാഹിറ ബീഗം (എച്ച്.എസ്.ടി, എസ്.എം.എം.എച്ച്.എസ് രായിരിമംഗലം, താനൂർ), അബ്ദുറസാഖ് തെയ്യമ്പാട്ടിൽ, എ.എസ്. ഹാഷിം (മെക്കാനിക്കൽ ഡിപ്പാർട്മെന്റ് എസ്.എസ്.എം പോളിടെക്നിക്, തിരൂർ). സഹോദരങ്ങൾ: അബ്ദു റഊഫ് മദനി (ഖത്തർ), അബ്ദുൽ അഹദ് (മുൻ ഡെപ്യൂട്ടി രജിസ്ട്രാർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), പരേതനായ അബ്ദുൽ സലാം, റിട്ട. അധ്യാപികമാരായ സഹീദ പരപ്പനങ്ങാടി, റഷീദ പുളിക്കൽ.