തുവ്വൂർ: കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. പൂളമണ്ണ പുള്ളിപ്പാടം എടത്തൊടി അനിലിന്റെയും നിമിഷയുടെയും മകൻ അരവിന്ദ് (18) ആണ് മരിച്ചത്. തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. ചൊവ്വാഴ്ച ഉച്ചക്ക് ഒലിപ്പുഴയിലെ ചെറയക്കോട് കടവിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ആഴമേറിയ ഭാഗത്ത് നീന്തുന്നതിനിടെ ക്ഷീണിച്ച് മുങ്ങിത്താഴുകയായിരുന്നു. അഗ്നിശമന സേനയും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയതിനെ തുടർന്ന് വൈകീട്ട് നാലോടെ കണ്ടെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. സഹോദരൻ: സിദ്ധാർഥ്.