ചങ്ങരംകുളം: തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ താടിപ്പടിയിൽ ബൈക്കിടിച്ച് വായോധിക മരിച്ചു. താടിപ്പടിയിൽ റോഡ് സൈഡിൽ കുടിൽ കെട്ടി താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിനി വള്ളിയമ്മയാണ് (67) മരിച്ചത്. കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പേരക്കുട്ടി കാർത്തികിന്റെ സംസ്കാരത്തിനെത്തിയതായിരുന്നു ഇവർ. ബുധനാഴ്ച പുലർച്ച നാലോടെ ചങ്ങരംകുളം ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോയ ബുള്ളറ്റ് റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വള്ളിയമ്മയെ ഇടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ ഇവരെ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ബൈക്ക് യാത്രികൻ ഉനൈസിനെ പരിക്കുകളോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ ആരംഭിച്ചു. വള്ളിയമ്മയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.