പുത്തനത്താണി\പുന്നയൂർക്കുളം: ദേശീയപാത നിർമാണപ്രവൃത്തി നടക്കുന്ന പുത്തനത്താണി അതിരുമടയിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃശൂർ മന്ദലാംകുന്ന് സെൻററിനു സമീപം പരേതനായ കൂളിയാട്ട് മൊയ്തുണ്ണിയുടെ മകൻ ശിഹാബാണ് (42) മരിച്ചത്. ഞായറാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം.
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ വരുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന ഭാര്യ ഹൈറുന്നീസ റോഡരികിലേക്ക് തെറിച്ചുവീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സർവിസ് റോഡിൽവെച്ച് കെ.എൻ.ആർ.സി.എൽ കമ്പനിയുടെ ലോറി ശിഹാബ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് അൽപദൂരം വലിച്ചുകൊണ്ട് പോയ വാഹനം ശിഹാബിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. ശിഹാബ് ഇലക്ട്രിഷ്യനാണ്. മാതാവ്: ഫാത്തിമ. മക്കൾ: മുസ്ലിഹ്, മുഹ്സിൻ. സഹോദരങ്ങൾ: നിയാസ്, ഫെബിന.