തൃപ്രയാർ: കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. രാധാകൃഷ്ണൻ (67) നിര്യാതനായി. നാട്ടിക ബീച്ച് നേതാജി റോഡിൽ കരിമ്പൻ വീട്ടിൽ പരേതനായ കൊച്ചാപ്പുവിന്റെ മകനാണ്. അവിവാഹിതനാണ്.
നാട്ടിക ഗവ. ഫിഷറീസ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ കെ.എസ്.യു താലൂക്ക് പ്രസിഡന്റായി. അവിഭക്ത കെ.എസ്.യു ജില്ല സെക്രട്ടറിയും സെനറ്റ് മെംബറുമായിരുന്നു. കെ.എസ്.യു (എസ്) സംസ്ഥാന പ്രസിഡന്റായി വിദ്യാർഥി രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.
കോൺഗ്രസ് വേദികളിലെ തീപ്പൊരി പ്രസംഗകനായിരുന്നു. നാട്ടിക എസ്.എൻ കോളജിൽ പഠിക്കുമ്പോൾ കേരളം അറിയുന്ന പ്രസംഗകനായി മാറി. കേരളവർമ കോളജിൽനിന്ന് എം.എയും തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് എൽഎൽ.ബിയും പൂർത്തിയാക്കി.
കോൺഗ്രസ് പിളർപ്പിൽ പലരും കൂടുമാറി പുതിയ ലാവണങ്ങളിലേക്ക് ചേക്കേറിയപ്പോഴും ആദർശം അടിയറവെക്കാതെ കോൺഗ്രസ്-എസിൽ ഉറച്ചുനിന്നു.