ബേപ്പൂർ: മത്സ്യബന്ധനത്തിനിടെ ബോട്ടുകളുടെ വലകൾ തമ്മിൽ കുരുങ്ങിയുണ്ടായ അപകടത്തിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ബംഗാൾ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ചന്ദ്രപുർ കലിനഗർ സ്വദേശി റിദായ് ദാസിന്റെ (37) മൃതദേഹമാണ് കൊയിലാണ്ടിക്ക് പടിഞ്ഞാറുഭാഗത്ത് കടലിൽ കണ്ടെത്തിയത്. കഴിഞ്ഞ 19ന് രാവിലെ പുതിയാപ്പ പടിഞ്ഞാറ് ഭാഗത്ത് കടലിലായിരുന്നു അപകടം. ബേപ്പൂർ ചേക്കിന്റകത്ത് അബ്ദുല്ലക്കോയയുടെ 'അൽഇസ്സ' ബോട്ടിലെ തൊഴിലാളിയായിരുന്നു. കൊച്ചി മുനമ്പത്തുനിന്ന് മത്സ്യബന്ധനത്തിനുവന്ന ബോട്ടിലെ വലയും ഇൽ ഇസ്സ ബോട്ടിലെ വലയുമാണ് മീൻപിടിത്തത്തിനിടെ കുരുങ്ങിയത്.
ഇതിനിടെ വല വലിച്ചുകൊണ്ടിരുന്ന റിദായ് ദാസ് കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികളും തീരസംരക്ഷണ സേനയും തീരദേശ പൊലീസും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.