അത്തോളി: ബസ് സ്കൂട്ടറിൽ തട്ടിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികൻ മലപ്പുറം തിരൂരങ്ങാടി മൂന്നിയൂർ സലാമത്ത് നഗർ സ്വദേശി വെളിവള്ളി ദീപു എന്ന രദീപ് നായർ (34) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ പാവങ്ങാട് -ഉള്ള്യേരി സംസ്ഥാനപാതയിൽ കൂമുള്ളിക്ക് സമീപമാണ് അപകടം നടന്നത്. റോഡിലേക്ക് തെറിച്ചുവീണ് തലക്കും കാലിനും ഗുരുതര പരിക്കേറ്റ രദീപിനെ നാട്ടുകാർ തൊട്ടടുത്ത മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
കോഴിക്കോട് -കുറ്റ്യാടി റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയുടെ ജോലിക്കാരനാണ് രദീപ്. കടകളിൽ നിന്നും കലക്ഷൻ എടുത്തശേഷം കോഴിക്കോട് ഭാഗത്തേക്കു പോകുന്നതിനിടെയാണ് അപകടം. ബസ് കോഴിക്കോട്ടുനിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്നു. ബസ് അത്തോളി പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവ്: കൃഷ്ണൻ നായർ. മാതാവ്: രമ. ഭാര്യ: അശ്വിനി. മകൾ: ദേവനന്ദ. സഹോദരങ്ങൾ: രാജീവ്, രാകേഷ്. മൂന്നിയൂർ മാസ് ക്ലബ് ട്രഷററും മികച്ച ഗായകനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു മരിച്ച രദീപ്.